മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ: ജൂൺ 5 ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹരിത സഭകൾ സംഘടിപ്പിക്കും
ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടർന്ന് ഹൈക്കോടതിയിൽ സർക്കാർ സമർപ്പിച്ച ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ആക്ഷൻ പ്ലാനിലെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ ജൂൺ 5ന് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഹരിത സഭകളോടെ പൂർത്തിയാവും. ഹരിത സഭകൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറക്കുകയും കിലയുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പരിശീലനം പൂർത്തിയാക്കുകയും ചെയ്തു.
വിവിധ സർക്കാർ ഏജൻസികളുടെ ഏകോപനത്തിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് കാര്യങ്ങൾ നടപ്പാക്കുന്നത്. ജൂൺ 5 നു മുൻപായി പൊതു ഇടങ്ങളിൽ മാലിന്യക്കൂനകൾ ഇല്ലാത്ത സംസ്ഥാനമായി മാറുക എന്ന ലക്ഷ്യം നേടുന്നതിനുള്ള പ്രവർത്തനങ്ങൾ ആണ് പുരോഗമിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് ഇതിനായി തയാറാക്കിയ പോർട്ടലിൽ പൊതുജനങ്ങൾക്ക് പൊതു ഇടങ്ങളിലെ മാലിന്യ കൂനകളുടെ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാം. ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെടുന്ന മുഴുവൻ സ്ഥലങ്ങളും വൃത്തിയാക്കുന്നതിനും തുടർന്ന് മാലിന്യ നിക്ഷേപം ഉണ്ടാകാത്ത തരത്തിൽ പരിശോധന സംവിധാനങ്ങൾ ശക്തമാക്കി മുന്നോട്ട് പോവുന്നതിനും എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്. പൊതു ഇടങ്ങളിലേക്ക് മാലിന്യങ്ങൾ തള്ളുക, കത്തിക്കുക, ജലാശയങ്ങൾ മലിനമാക്കുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും നിയമനടപടികൾ സ്വീകരിക്കുന്നതിനും ലക്ഷ്യമാക്കി രൂപീകരിച്ച എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പ്രവർത്തങ്ങൾ ദൈനംദിനം നിരീക്ഷിച്ചു വരികയാണ് തദ്ദേശ സ്വയംഭരണ വകുപ്പ്. നിരോധിത ഏകോപയോഗ പ്ലാസ്റ്റിക്ക് വസ്തുക്കളുടെ വിൽപ്പനയും വിതരണവും തടയുന്നതിനായി എല്ലാ ജില്ലകളിലും വ്യാപകമായ പരിശോധനകളാണ് നടന്ന് വരുന്നത്. സ്‌ക്വാഡിന്റെ പരിശോധനയിൽ സംസ്ഥാനത്ത് ഏപ്രിൽ, മെയ് മാസങ്ങളിലായി 3444 നിയമലംഘനങ്ങൾ കണ്ടെത്തുകയും 2915 കേസുകളിൽ നോട്ടീസ് നൽകുകയും ചെയ്തു. ഇത്രയും കേസുകളിലായി 1,09,78,150 രൂപ പിഴ ചുമത്തുകയും 8,53,258 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ഒരുലക്ഷത്തി അയ്യായിരം കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ ഇത് വരെ പിടിച്ചെടുത്തു.
5000 സ്‌ക്വയർ മീറ്ററിൽ കൂടുതൽ വിസ്തീർണ്ണമുള്ള എല്ലാ സ്ഥാപനങ്ങളും ജൂൺ 5 ന് മുൻപായി സ്വന്തം നിലയിൽ മാലിന്യ സംസ്‌കരണ ഉപാധികൾ സ്ഥാപിക്കുന്നു എന്നുറപ്പാക്കാൻ തദ്ദേശ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ നിർദേശം നൽകിയിരുന്നു. ഇത് ഉറപ്പാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
കേരളത്തിലെ എല്ലാ സ്വയം ഭരണ സ്ഥാപനങ്ങളിലും ഹരിത സഭകൾ വിളിച്ചു ചേർത്ത് ഈ ലക്ഷ്യങ്ങൾ നേടാനായി നടത്തിയ പ്രവർത്തനങ്ങളെയും നേട്ടങ്ങളെയും വിശദമായി തന്നെ വിലയിരുത്തും. ഹരിത സഭകൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച മാർഗ നിർദേശങ്ങൾ എല്ലാ സർക്കാർ വിഭാഗങ്ങൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ട്.