ആര്യനാട് പഞ്ചായത്തിൽ റോഡുകൾ നവീകരിക്കുന്നു

post

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പ്രധാന പാതകളായ അണിയിലക്കടവ്- കൊക്കോട്ടേല, പ്ലാവറത്തല-ചുട്ടിയാംകോണം- ഈഞ്ചപ്പുരി ബണ്ട് റോഡുകളുടെ പുനർനിർമാണ പ്രവർത്തികൾ ആരംഭിച്ചു. പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ഇരു റോഡുകളുടെയും നവീകരണം. മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാകുന്ന ഈ റോഡുകളിലൂടെയുള്ള ദുരിതയാത്രയ്ക്ക് ഇനി ശമനമാകും.

പഞ്ചായത്തിലെ കൊക്കോട്ടേല, ഈഞ്ചപുരി വാർഡുകളിൽ ഉൾപ്പെടുന്ന റോഡുകൾ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് പുനർനിർമിക്കുന്നത്. അണിയിലക്കടവ്-കൊക്കോട്ടേല റോഡിന് 56.70 ലക്ഷവും, പ്ലാവറത്തല-ചുട്ടിയാംകോണം- ഈഞ്ചപ്പുരി ബണ്ട് റോഡിനായി 40 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.

റോഡുകളുടെ നവീകരണ പ്രവർത്തികൾ ജി. സ്റ്റീഫൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് എം. എൽ. എ പറഞ്ഞു. ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ അധ്യക്ഷനായി.