കരപ്പുറം കാർഷിക കാഴ്ചകൾക്ക് സമാപനം

post

കരപ്പുറത്തെ എല്ലാ കർഷകർക്കും സോയിൽ ഹെൽത്ത് കാർഡ് നൽകും

കരപ്പുറം കാർഷിക കാഴ്ചകളുടെ സമാപന സമ്മേളനം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കരപ്പുറത്തിൻ്റെ തനത് ബ്രാൻ്റുകൾ സൃഷ്ടിക്കുമെന്നും കാർഷിക പാരമ്പര്യവും പൈതൃകവും തിരിച്ചുപിടിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാവർഷവും കരപ്പുറം കാർഷിക കാഴ്ചകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചേർത്തല മണ്ഡലം വിഷൻ 2026 രൂപരേഖയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു.

കർഷകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാനുള്ള സാധ്യതകളെക്കുറിച്ച് അറിയാനായി മേളയിൽ സംഘടിപ്പിച്ച ബിസിനസ് ടു ബിസിനസ് മീറ്റിലൂടെ 1.14 കോടി രൂപയുടെ ധാരണ പത്രമാണ് ഉണ്ടായത്. പ്രമുഖരായ ഒട്ടേറെ സ്ഥാപനങ്ങൾ ചേർത്തലയിൽ നിന്നുള്ള കാർഷികോത്പ്പന്നങ്ങൾ സ്വീകരിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. കാർഷിക വിളകളുടെ സംഭരണത്തിനും സംസ്കരണത്തിനുമായി ചേർത്തലയിൽ അഗ്രോ പാർക്ക് നിർമ്മിക്കും. ഉത്പാദനത്തിനും സംസ്കരണത്തിനുമായി അഗ്രോ പാർക്ക് കേന്ദ്രീകരിച്ച് നൂറ് കൃഷിക്കൂട്ടങ്ങൾ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

സ്വന്തമായി കൃഷിഭൂമിയുള്ള കരപ്പുറത്തെ എല്ലാ കർഷകർക്കും സോയിൽ ഹെൽത്ത് കാർഡ് നൽകാൻ തീരുമാനിച്ചു. ആദ്യപടിയായി 25,000 പേർക്കാണ് സോയിൽ ഹെൽത്ത് കാർഡ് നൽകുന്നത്. പഴവർഗ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വർഷം 25000 വീടുകളിൽ പ്ലാവ്, മാവ്, വാഴ എന്നിവയുടെ തൈകൾ സർക്കാർ വിതരണം ചെയ്യും. ഔഷധകൃഷി കൊണ്ടുവരുന്നതിനായും ചെറുധാന്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായും പ്രത്യേക പദ്ധതികൾ രൂപീകരിക്കും. 2026 ഓടുകൂടി ചേർത്തലയെ കാർബൺ ന്യൂട്രൽ മണ്ഡലമാക്കുമെന്നും മന്ത്രി അറിയിച്ചു.

ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ നടന്ന സമാപന സമ്മേളനത്തിൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി. സമ്മാന വിതരണം നടത്തി. പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ. പ്രസാദ്, മുതിർന്ന കർഷകൻ സി.ജി പ്രകാശൻ മായിത്തറ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ. ശോഭ, കഞ്ഞിക്കുഴി ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ.ജീവൻ, വിവിധ കോർപ്പറേഷനുകളുടെ ചെയർമാൻമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.