രണ്ട് വർഷം കൊണ്ട് നൽകിയത് 3030 കോടിയുടെ സൗജന്യ ചികിത്സ

post

ഇന്ത്യയിൽ ഏറ്റവുമധികം സൗജന്യ ചികിത്സ നൽകി വീണ്ടും കേരളം

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 12,22,241 ഗുണഭോക്താക്കൾക്ക് 3030 കോടി രൂപയുടെ സൗജന്യ ചികിത്സ. 28,75,455 ക്ലൈമുകളിലൂടെയാണ് ഇത്രയും പേർക്ക് സൗജന്യ ചികിത്സ നൽകാനായത്. സംസ്ഥാന ഹെൽത്ത് ഏജൻസി വഴി നടത്തിയ മികച്ച പ്രവർത്തനങ്ങളിലൂടെയാണ് ഇത്രയും പേർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയത്. ഇന്ത്യയിൽ ഏറ്റവുമധികം സൗജന്യ ചികിത്സ നൽകിയതിന് 2022ലെ ആരോഗ്യ ഉത്കൃഷ്ട പുരസ്‌കാരം കേരളം കരസ്ഥമാക്കിയിരുന്നു. ഇന്ത്യയിൽ ആകെ നൽകിയ ചികിത്സയുടെ ഏതാണ്ട് 15 ശതമാനത്തോളം കേരളത്തിൽ നിന്നാണ്. കേരളത്തിൽ മണിക്കൂറിൽ 180 ഓളം രോഗികൾക്ക് സൗജന്യ ചികിത്സ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖാന്തരം നൽകി വരുന്നു. മിനിറ്റിൽ 3 രോഗികൾ എന്ന ക്രമത്തിൽ പദ്ധതിയിൽ നിന്നും സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ അർഹരായ കുടുംബത്തിന് ഒരുവർഷം പരമാവധി 5 ലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യം ഈ പദ്ധതിയിൽ എംപാനൽ ചെയ്യപ്പെട്ട എല്ലാ സർക്കാർ സ്വകാര്യ ആശുപത്രികൾ വഴി ലഭിക്കുന്നതാണ്. 2019-20ൽ പദ്ധതിയിൽ എം പാനൽ ചെയ്ത ആശുപത്രികളുടെ എണ്ണം 404 ആയിരുന്നെങ്കിൽ ഇപ്പോളത് 761 ആയി വർധിച്ചിട്ടുണ്ട്. ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമായി 2021-22-ൽ 5,76,955 ഗുണഭോക്താക്കൾക്കും, ഈ സാമ്പത്തിക വർഷം 6,45,286 ഗുണഭോക്താക്കൾക്കും സൗജന്യ ചികിത്സാ സഹായം നൽകാനായി. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികം തുക ഈ ഇനത്തിൽ നൽകാനായി. കഴിഞ്ഞ സാമ്പത്തിക വർഷം (2021-22) 1400 കോടിയുടേയും ഈ സാമ്പത്തിക വർഷം (2022-23) 1630 കോടി രൂപയുടെയും സൗജന്യ ചികിത്സ ലഭ്യമാക്കി. ഈ ഇനത്തിൽ കേന്ദ്ര വിഹിതമായി പ്രതിവർഷം 138 കോടി രൂപ മാത്രമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ബാക്കി വരുന്ന പണം സംസ്ഥാന സർക്കാരാണ് നിർവഹികുന്നത്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ആകെ 42 ലക്ഷം കുടുംബങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ഇതിൽ 21.5 ലക്ഷം കുടുംബങ്ങൾക്ക് മാത്രമാണ് 60:40 അനുപാതത്തിൽ കേന്ദ്ര സഹായം ലഭ്യമാകുന്നത്. അതിൽ തന്നെ ഒരു കുടുംബത്തിന് 1052 രൂപ പ്രീമിയം എന്ന രീതിയിൽ കണക്കാക്കി അതിന്റെ 60% ആയ 631.2 രൂപ നിരക്കിൽ ആകെ 138 കോടി രൂപ മാത്രമാണ് ഒരു സാമ്പത്തിക വർഷത്തിൽ കേന്ദ്ര വിഹിതമായി പദ്ധതിക്ക് ലഭിക്കുന്നത്. ചികിത്സാ ചെലവിന്റെ 90% ത്തോളം സംസ്ഥാന സർക്കാരാണ് നിർഹിക്കുന്നത്.

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടികയിൽപ്പെടാത്ത കുടുംബങ്ങൾക്ക് വാർഷിക വരുമാനം 3 ലക്ഷത്തിന് താഴെ ആണെങ്കിൽ എ.പി.എൽ, ബി.പി.എൽ ഭേദമന്യേ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയിൽ ഉൾപ്പൈടുത്തിയും സൗജന്യ ചികിത്സ നൽകി വരുന്നു.