ചൂർണ്ണിക്കര പഞ്ചായത്തിൽ സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു
ചൂർണ്ണിക്കര ഗ്രാമ പഞ്ചായത്തിലെ 16-ാം വാർഡിൽ നവീകരിച്ച വൃന്ദാവൻ 124-ാം നമ്പർ സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കീം നിർവഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ സ്മാർട്ട് അങ്കണവാടി പദ്ധതിയിൽ ഉൾപ്പെടുത്തി 1,25,000 രൂപ ചെലവഴിച്ചാണ് അങ്കണവാടിയുടെ നവീകരണം. ചടങ്ങിനോടനുബന്ധിച്ച് പഞ്ചായത്തുതല അങ്കണവാടികളുടെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക വികാസത്തിനും പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് സ്മാർട്ട് അങ്കണവാടികൾ സജ്ജീകരിക്കുന്നത്. ക്ലാസ്സ് റൂം, പ്ലേ റൂം, ടോയ്ലറ്റ്, സ്റ്റോർ റൂം ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയാണ് അങ്കണവാടിയുടെ നവീകരണം. പഠന മുറിയിലേക്ക് ആവശ്യമായ ആകർഷകമായ കസേരകൾ, മേശകൾ, പ്ലേ റൂമിൽ കളിക്കോപ്പുകൾ, ആകർഷകമായ ചുമർചിത്രങ്ങൾ മുതലായവ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ അങ്കണവാടിയുടെ പ്രവർത്തനങ്ങൾ പഠിക്കുന്നതിന് അസമിൽ നിന്നെത്തിയ 31 പേർ അടങ്ങുന്ന സംഘം അങ്കണവാടി സന്ദർശിച്ചു.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷഫീഖ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല ജോസ്, പഞ്ചായത്ത് അംഗങ്ങളായ ലീന ജയൻ, റംല അലിയാർ, ലൈല അബ്‌ദുൾഖാദർ, സി.ഡി.പി.ഒ. ഡോ. ജയന്തി പി. നായർ, അങ്കണവാടി അധ്യാപിക മഞ്ജുഷ ഉദയകുമാർ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.