കരുതലും കൈത്താങ്ങുമായി ചേർത്തല താലൂക്ക് തല പരാതി പരിഹാര അദാലത്ത്

post

*നിയമവും ചട്ടവും പ്രായോഗികമായി ഉപയോഗിക്കണം:  മന്ത്രി സജി ചെറിയാൻ

*ഉടൻ പരിഹരിക്കാൻ കഴിയാത്ത അപേക്ഷകളിൽ സമയ ബന്ധിതമായി തീരുമാനം: മന്ത്രി പി. പ്രസാദ്

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ആലപ്പുഴ ജില്ലയിലെ അദ്യ കരുതലും കൈത്താങ്ങും അദാലത്തായ ചേർത്തല താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. എല്ലാത്തിനും ചട്ടവും നിയമവും ഉണ്ട്. നിയമവും ചട്ടവും ജനങ്ങൾക്ക് വേണ്ടി എങ്ങനെ പ്രായോഗികമായി ഉപയോഗിക്കാമെന്നാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പഠിക്കേണ്ടത്. ആ പ്രായോഗികമായ വശം പഠിച്ചാൽ ചട്ടവും നിയമവും നിലനിൽക്കുമ്പോൾ തന്നെ 100 ശതമാനം പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാകണമെങ്കിൽ നമ്മുടെ മുന്നിൽ വരുന്ന ആൾ പറയുന്ന കാര്യം കേൾക്കണം. ആ കേൾക്കുന്ന കാര്യം ന്യായമാണെങ്കിൽ ഇടതും വലതും നോക്കാതെ ചെയ്തു കൊടുക്കുക എന്നതാണ് വ്യക്തിത്വം. സുതാര്യമായി കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചാൽ ആളുകൾക്ക് എന്താണോ ആവശ്യം അത് നൂറുശതമാനം ചെയ്യാൻ പറ്റും. പോക്കറ്റിന് കനമില്ലെങ്കിൽ ഏത് തീരുമാനം എടുത്താലും അതിനെതിരായി ഒരു നടപടിയും ആർക്കും സ്വീകരിക്കാൻ പറ്റില്ല. ഓരോ പാവപ്പെട്ടവന്റെയും കണ്ണുനീരൊപ്പുന്ന പ്രവർത്തനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

പിണറായി വിജയൻ സർക്കാരിന്റെ തുടർച്ചയായ ഏഴ് വർഷം അഭൂതപൂർവ്വമായ മുന്നേറ്റമാണ് വികസന ക്ഷേമ മേഖലയിൽ സംസ്ഥാനത്തുണ്ടായത്. എല്ലാക്കാര്യത്തിലും നമ്മൾ വളരെയധികം മുന്നോട്ടുപോയി ക്കഴിഞ്ഞു. എന്നാൽ ആ മുന്നേറ്റത്തിനിടയിലും ചെറുതെങ്കിലും പരിഹരിക്കപ്പെടേണ്ടതായ പ്രശ്നങ്ങൾ ഉണ്ടാകും.

ഈ സർക്കാർ നിലവിൽ വന്നതിനുശേഷം ആദ്യം എടുത്ത തീരുമാനമാണ് ഫയൽ തീർപ്പാക്കൽ യജ്ഞം. തീർപ്പ് കൽപ്പിക്കാതെ കെട്ടിക്കിടന്ന ലക്ഷക്കണക്കിന് പരാതികളാണ് എല്ലാ മന്ത്രിമാരും മന്ത്രിമാരുടെ ഓഫീസും ജീവനക്കാരും ഒറ്റക്കെട്ടായി തീർപ്പാക്കിയത്. നയപരമായി സർക്കാർതലത്തിൽ, ഉദ്യോഗസ്ഥ തലത്തിൽ തീരുമാനമെടുക്കേണ്ട ചില കാര്യങ്ങളുണ്ട്. അത്തരം പ്രശ്നങ്ങൾ കൂടി ചേർത്തുകൊണ്ടാണ് രണ്ടാം ഘട്ടമെന്ന നിലയിൽ താലൂക്ക് തല അദാലത്ത് നടത്തുന്നത്. താലൂക്ക് തല അദാലത്തിൽ 90% പരാതികളും പരിഹരിക്കപ്പെട്ടാൽ പിന്നീടുള്ള 10% പരാതികൾ സർക്കാർ നയപരമായ തീരുമാനമെടുത്ത് പരിഹരിക്കപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

പരാതികളിൽ സമയബന്ധിതമായി തീരുമാനമെടുക്കുകയെന്നത് പരമപ്രധാനമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഇവിടെ പരിഹാരമാകാത്ത വിഷയങ്ങളിൽ കൃത്യമായ തുടർച്ചയുണ്ടാകും. പരാതികൾ സമയബന്ധിതമായി പരിഹരിച്ചു എന്ന ഉറപ്പാക്കാൻ കളക്ട്രേററിൽ പ്രത്യേക സംവിധാനം ഉണ്ടാകും. മാസാവസാനം ജില്ല കളക്ടറിൽ നിന്ന് റിപ്പോർട്ട് തേടുമെന്നും കൃഷി മന്ത്രി പറഞ്ഞു.ചടങ്ങിൽ അദാലത്തിൻറെ ഭാഗമായി പരിഹാരം ലഭിച്ച എ.എ.വൈ, മുൻഗണന വിഭാഗക്കാർക്കുള്ള റേഷൻ കാർഡ് വിതരണവും മന്ത്രിമാർ നിർവഹിച്ചു.

എ. എം. ആരിഫ്‌ എം.പി, എം.എൽ.എ.മാരായ ദലീമ ജോജോ, പി. പി. ചിത്തരഞ്ജൻ, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ജി. രാജേശ്വരി, ജില്ല കളക്ടർ ഹരിത വി. കുമാർ തുടങ്ങിയവർ പങ്കെടുത്തു.


അംബുജാക്ഷിക്കും അനുവിനും കൈത്താങ്ങായി അദാലത്ത്

സ്വാതന്ത്ര്യസമര സേനാനിയായിരുന്ന തന്റെ വല്യച്ഛന്റെ പെന്‍ഷന്‍ വല്യമ്മയ്ക്ക് അനുവദിക്കണമെന്ന അപേക്ഷയുമായാണ് അനു നേശമണി അദാലത്തില്‍ എത്തിയത്. അനുവിന്റെ അച്ഛന്റെ സഹോദരനാണ് സ്വാതന്ത്ര സമര സേനാനിയായിരുന്ന കടക്കരപ്പള്ളി ചുള്ളിക്കല്‍ത്തറ വീട്ടില്‍ കെ. ആര്‍ രാഘവന്‍ കഴിഞ്ഞവര്‍ഷം ജൂണിലാണ് മരിക്കുന്നത്. ഇദ്ദേഹത്തിന് ലഭിച്ചിരുന്ന പെന്‍ഷന്‍ ഭാര്യയായ അംബുജാക്ഷിക്ക് അനുവദിക്കണമെന്നാണ് ആവശ്യവുമായാണ് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ, കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് എന്നിവർക്ക് മുന്നിലെത്തുന്നത്. 90 വയസ്സുള്ള അംബുജാക്ഷിയെ ഭര്‍ത്താവിന്റെ അനിയന്റെ മകനായ അനുവാണ് സംരക്ഷിക്കുന്നത്. ബേക്കറി പലഹാരങ്ങളുടെ സെയില്‍സ് മാനാണ് അനു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളുള്ള അംബുജാക്ഷിയെ തനിച്ചാക്കി ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ജോലിക്ക് പോകുന്ന ദിവസങ്ങളില്‍ അയല്‍വാസികളാണ് അംബുജാക്ഷിയെ പരിചരിക്കുന്നത്. ഇവര്‍ക്ക് മറ്റു വരുമാനമാര്‍ഗങ്ങളുമില്ല. തുടര്‍ന്നാണ് ഇവര്‍ താലൂക്ക് അദാലത്തില്‍ പരാതിയുമായി എത്തിയത്.

പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രിമാര്‍ വേദിയില്‍ വച്ച് തന്നെ പെന്‍ഷന്‍ അനുവദിക്കാനുള്ള നടപടി എടുക്കുകയായിരുന്നു. തുടര്‍ പെന്‍ഷന്‍ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് മന്ത്രി പി.പ്രസാദും കളക്ടർ ഹരിത വി. കുമാറുംചേർന്ന് വീട്ടിലെത്തി കൈമാറി. പുന്നപ്ര വയലാര്‍ സമരത്തിനിടെ വെടിയേറ്റു മരിച്ച അനഘാശയന്റെ സഹോദരനാണ് കെ. ആര്‍ രാഘവന്‍. 


തത്സമയം റേഷൻ കാർഡ് ലഭിച്ച സന്തോഷത്തിൽ ശ്രീന

മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ തണ്ണീർമുക്കം സ്വദേശി പാക്കുകണ്ടത്തിൽ പി. ശ്രീനയ്ക്കാണ് അപേക്ഷ നൽകിയ ഉടനടി റേഷൻ കാർഡ് നൽകി. അഞ്ചു സെന്റ് ഭൂമിയിൽ താത്ക്കാലികമായി നിർമ്മിച്ച ഷെഡ്‌ഡിലാണ് ശ്രീനയും ഭർത്താവും രണ്ട് കുട്ടികളും താമസിക്കുന്നത്. ശ്രീന കയർപിരി തൊഴിലാളിയാണ്. ഭർത്താവിന് ഒരു കടയിൽ കൂലിവേലയുമാണ്. 2022ൽ റേഷൻകാർഡ് എടുത്തപ്പോൾ ഇവർക്ക് വെള്ളക്കാർഡാണ് ലഭിച്ചത്. തുടർന്ന് സപ്ലൈ ഓഫീസിൽ പരാതി നൽകിയെങ്കിലും വേണ്ട മാർക്ക്‌ ഇല്ലെന്ന് പറഞ്ഞു അപേക്ഷ നിരസിച്ചു.

അതിനെതുടർന്നാണ് താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ ശ്രീന അപേക്ഷയുമായെത്തിയത്. താൽക്കാലിക ഷെഡ്‌ഡിലാണ് താമസിക്കുന്നതെന്ന സർട്ടിഫിക്കറ്റ് പരിശോധിക്കുകയും മറ്റു കാര്യങ്ങളും ചോദിച്ചറിഞ്ഞ മന്ത്രി പി. പ്രസാദ് അദാലത്തിൽ വച്ച് തന്നെ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി റേഷൻ കാർഡ് കൈമാറാൻ നിർദ്ദേശിക്കുകയായിരുന്നു. ഉടൻ തന്നെ സപ്ലൈ ഓഫീസ് അധികൃതർ പ്രിന്റെടുത്ത് കൊണ്ടുവന്ന പുതിയ മുൻഗണന റേഷൻ കാർഡ് മന്ത്രി തന്നെ ഇവർക്ക് കൈമാറി.


കാഴ്ചപരിമിതി നേരിടുന്ന നടേശന് കരുതലിന്റെ കണ്ണായി അദാലത്ത്

കൈയില്‍ കിട്ടിയ റേഷന്‍ കാര്‍ഡില്‍ എഴുതിയിരിക്കുന്നത് കാണാനോ വായിക്കാനോ നടേശന് കഴിയില്ല. എങ്കിലും തന്റെ ഏറെ നാളത്തെ കാത്തിരിപ്പിന് സന്തോഷത്തിന്റെ പര്യവസാനം തന്ന സര്‍ക്കാരിനോട് നന്ദി പറയുകയാണ് ഈ അമ്പതിയാറുകാരന്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് മന്ത്രിമാരായ പി.പ്രസാദ്, സജി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന കരുതലും കൈത്താങ്ങും ചേര്‍ത്തല താലൂക്ക് തല പരാതി പരിഹാര അദാലത്തിലാണ് അരൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് ചന്ദ്രിക നിവാസില്‍ താമസിക്കുന്ന കെ.എന്‍. നടേശന്റെ മുന്‍ഗണന വിഭാഗത്തില്‍ ആയിരുന്ന റേഷന്‍ കാര്‍ഡ് എ.എ.വൈ വിഭാഗത്തിലേക്ക് തരം മാറ്റി നല്‍കിയത്.

നൂറ് ശതമാനവും കാഴ്ച പരിമിതി നേരിടുന്ന നടേശന്‍ ഭാര്യയുമൊത്ത് മൂന്ന് സെന്റ് ഭൂമിയില്‍ സര്‍ക്കാര്‍ അനുവദിച്ച വീട്ടിലാണ് താമസം. തെങ്ങ് കയറ്റ തൊഴിലാളി ആയിരുന്ന അദ്ദേഹത്തിന് 26 കൊല്ലമായി കാഴ്ച ശക്തി നഷ്ടപ്പെട്ടിട്ട്. ചെമീന്‍ പീലിങ് തൊഴിലാളിയായ ഭാര്യയ്ക്ക് ലഭിക്കുന്ന ചെറിയ കൂലി മാത്രമാണ് വരുമാനമാര്‍ഗ്ഗം. മുന്‍ഗണന റേഷന്‍ കാര്‍ഡ് ആയതിനാല്‍ വര്‍ഷങ്ങളായി കുടുംബത്തിന് സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയിരുന്ന സൗജന്യ ഭക്ഷ്യധാന്യങ്ങളും മറ്റ് സഹായങ്ങളും ലഭിച്ചിരുന്നില്ല. ഇവരുടെ ദയനീയസ്ഥിതി നേരിട്ടെത്തി മനസ്സിലാക്കിയ സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്‍ഗണനക്കാര്‍ഡ് എ.എ.വൈ വിഭാഗത്തിലേക്ക് മാറ്റി നല്‍കിയത്.

റേഷന്‍ കാര്‍ഡ് തരം മാറ്റി കിട്ടുന്നതോടെ റേഷന്‍ കടയില്‍ നിന്ന് കൂടുതല്‍ ഭക്ഷ്യധാന്യങ്ങളും മറ്റ് സര്‍ക്കാര്‍ സഹായങ്ങളും ലഭിക്കുമെന്ന സന്തോഷത്തിലാണ് നടേശനും ഭാര്യയും.