കെ.എസ്.എഫ്.ഇ ഉപ്പുതറ മൈക്രോശാഖ ഉദ്ഘാടനം ചെയ്തു

കെ.എസ്.എഫ്.ഇ ചിട്ടികള്‍ക്കും വായ്പകള്‍ക്കും സര്‍ക്കാരാണ് ഗ്യാരണ്ടി: മന്ത്രി കെ.എന്‍. ബാലഗോപാല്‍
ഇടുക്കി ജില്ലയിലെ കെ.എസ്.എഫ്.ഇ ഉപ്പുതറ മൈക്രോശാഖ ധനകാര്യ വകുപ്പ് മന്ത്രി അഡ്വ. കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.എഫ്.ഇയില്‍ ചിട്ടികള്‍ക്കും വായ്പകള്‍ക്കും സര്‍ക്കാരാണ് ഗ്യാരണ്ടിയെന്ന് മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ഏറ്റവും സഹായകരമായ സ്ഥാപനവും ആവശ്യക്കാര്‍ക്ക് സുരക്ഷിതമായി വായ്പ ലഭ്യമാക്കുന്ന സംവിധാനവുമാണ് കെ.എസ്.എഫ്.ഇയിലുള്ളത്. സ്വകാര്യ സ്ഥാപനത്തിലെ പലിശയേക്കാള്‍ ലാഭകരമായ പലിശ നിരക്കില്‍ വായ്പ ലഭിക്കും. കെ.എസ്.എഫ്.ഇയുടെ പുതിയ ചുവടു വയ്പാണ് മൈക്രോ ശാഖ. പൂര്‍ണമായ വലിയ ബ്രാഞ്ചുകളെ പോലെ തന്നെ എല്ലാ കെ.എസ്.എഫ്.ഇ ഇടപാടുകളും നടത്താന്‍ കഴിയുന്ന ശാഖകളാണ് മൈക്രോ ശാഖകളെന്ന് മന്ത്രി പറഞ്ഞു. ഇടുക്കിയിലെ ഭൂമി സംബന്ധമായ പ്രശ്നങ്ങളില്‍ പരിഹാരത്തിനായി സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പരിസ്ഥിതി നശിപ്പിക്കാതെ ജനങ്ങള്‍ക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക എന്ന സമീപനമാണ് സര്‍ക്കാരിന്റേത്. അത്തരം വികസന പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ, ജേക്കബ് അധ്യക്ഷത വഹിച്ചു. കട്ടപ്പന മേഖലയുടെ കീഴില്‍ ആരംഭിക്കുന്ന ശാഖ ഉപ്പുതറ പാലം ജംഗ്ഷനില്‍ പാറയില്‍ ബില്‍ഡിങ്ങിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. കെ.എസ്.എഫ്.ഇ 52 വര്‍ഷം പിന്നിടുന്ന സാഹചര്യത്തിലാണ് മൈക്രോ ശാഖകള്‍ ആരംഭിക്കുന്നത്. കുറഞ്ഞ പലിശനിരക്കില്‍ സ്വര്‍ണപ്പണയ വായ്പകള്‍ ഉള്‍പ്പെടെ വിവിധതരം വായ്പ ചിട്ടി സേവനങ്ങള്‍ ഈ ശാഖയില്‍ ലഭിക്കും.