വായനാശീലം വളർത്താൻ അക്ഷരദീപം പദ്ധതിയുമായി ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത്‌

post

സ്ത്രീകളിലും കുട്ടികളിലും വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ അക്ഷരദീപം പദ്ധതിയുമായി ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത്‌. കുടുംബശ്രീയുടെയും പഞ്ചായത്ത് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനം വായനയുടെ പ്രാധാന്യം മനസിലാക്കി തികച്ചും സൗജന്യമായി പദ്ധതി നടപ്പിലാക്കുന്നത്.

പഞ്ചായത്ത്‌ ഫണ്ടിൽ നിന്നും 1,25,000 രൂപ വകയിരുത്തിയാണ് വിതരണം ചെയ്യുന്നതിനുള്ള പുസ്തകങ്ങൾ വാങ്ങിയത്. വായനക്കാർ പുസ്തകങ്ങൾ തേടി എത്താത്ത സാഹചര്യങ്ങളിൽ പുസ്തകങ്ങൾ വായനക്കാരുടെ വീടുകളിൽ എത്തിക്കുന്നതാണ് പദ്ധതി. അതിനായി പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക പരിശീലനം നൽകിയ 57 വോളണ്ടിയേഴ്സിനെ നിയോഗിച്ചിട്ടുണ്ട്. ഇവരാണ് പുസ്തകങ്ങളുമായി ഓരോ ആഴ്ചയിലും വീടുകളിൽ എത്തുന്നത്. ഓരോ വോളണ്ടിയറിനും നിശ്ചിത പുസ്തകങ്ങൾ അടങ്ങിയ പുസ്തക സഞ്ചി നൽകിയിട്ടുണ്ട്. 800 വീടുകളിൽ ആഴ്ചയിൽ ഒരിക്കൽ ഒരു ബുക്ക് എന്ന നിലയിലാണ് വിതരണം. എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച പുസ്തക കിറ്റുകൾ ലൈബ്രറിയിൽ വന്ന് മാറ്റിയെടുക്കാം. അതിനായി പഞ്ചായത്ത് ലൈബ്രറി അന്നേ ദിവസം പകൽ മുഴുവൻ തുറന്നു പ്രവർത്തിക്കും.

ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും സ്വാധീനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സ്ത്രീകളിലും കുട്ടികളിലും വായന പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതി ചൂർണ്ണിക്കര പഞ്ചായത്തിൽ ആരംഭിച്ചതെന്ന് പഞ്ചായത്ത്‌ അധികൃതർ പറഞ്ഞു.