കോഴിക്കോട് ജില്ലയിലെ അങ്കണവാടികളിൽ പ്രവേശനം നേടിയത് 12000-ഓളം കുട്ടികൾ

post

കുസൃതികളുമായി കുരുന്നുകൾ ഇനി അങ്കണവാടികളിലേക്ക്. സംസ്ഥാനത്തെ അങ്കണവാടി പ്രവേശനോത്സവമായ ചിരികിലുക്കം ആഘോഷമാക്കി കോഴിക്കോട് ജില്ലയിലെ കുരുന്നുകൾ. മധുരവും പൂക്കളും സമ്മാനവും നൽകിയാണ് അധ്യാപകർ കുട്ടികളെ വരവേറ്റത്. നിറഞ്ഞ കണ്ണുകളാൽ അങ്കണവാടികളിലെത്തിയ കുരുന്നുകൾ ചുമരിലെ ചിത്രങ്ങളും കളിപ്പാട്ടങ്ങളും കണ്ടതോടെ സന്തോഷത്തിലായി.

ജില്ലയിലെ 2938 അങ്കണവാടികളിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. 12000-ഓളം കുട്ടികൾ പുതിയതായി അങ്കണവാടിയിൽ പ്രവേശനം നേടി. കഴിഞ്ഞ വർഷത്തേക്കാൾ ആയിരത്തിലധികം കുട്ടികളാണ് ഇത്തവണ പ്രവേശനം നേടിയത്. അങ്കണവാടിയും പരിസരവും ആകർഷണീയമായ രീതിയിൽ അലങ്കരിച്ചും പുതിയതായി ചേരുന്ന കുട്ടികളുടെ ഫോട്ടോ ചാർട്ട് പ്രദർശിപ്പിച്ചുമായിരുന്നു പ്രവേശനോത്സവം ആഘോഷമാക്കിയത്. വെൽക്കം കിറ്റ്, മധുരം എന്നിവ നൽകിയാണ് കുരുന്നുകളെ സ്വീകരിച്ചത്.