മൃഗചികിത്സയ്ക്ക് സ്‌കാനിങും ഇനി വീട്ടുപടിക്കൽ ലഭ്യമാക്കും
മൃഗാരോഗചികിത്സാ മേഖലയിൽ സ്‌കാനിങ് സൗകര്യം ഇനി ജില്ലയിലെ ക്ഷീരകർഷകരുടെ വീട്ടുപടിക്കലും ലഭ്യമാക്കും. മലപ്പുറം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടന്ന ആശുപത്രി നവീകരണ പ്രവൃത്തികളുടെ പൂർത്തീകരണ ചടങ്ങ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ക്ഷീരകർഷകർ അവരുടെ മൃഗങ്ങളെ സ്‌കാനിങിനായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു പതിവ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ക്ഷീരകർഷകരുടെ ബുദ്ധിമുട്ടിന് വളരെയധികം പരിഹാരമാകുന്നതാണ് ജില്ലാ പഞ്ചായത്ത് പുതിയതായി അനുവദിച്ച പോർട്ടബിൾ സ്‌കാനിങ് മെഷീൻ.
ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒ.പി വിഭാഗം നവീകരണം, മുറ്റം ഇന്റർലോക്ക്, കാത്തിരിപ്പ്‌കേന്ദ്രം, കോൺഫറൻസ് ഹാൾ നവീകരണം സെൻട്രലൈസ്ഡ് യു.പി.എസ് തുടങ്ങി 15 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തികളാണ് നടന്നത്. ചടങ്ങിൽ വാർഡ് കൗൺസിലർ കെ.പി.എ. ഷരീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.യു. അബ്ദുൽ അസീസ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഹാറൂൺ അബ്ദുൽ റഷീദ്, ഡോ. കെ. ഷാജി, ഡോ. പി.എം. ഹരിനാരായണൻ, ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ കെ.സി സുരേഷ് ബാബു, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ജോയ് ജോർജ്, ഫീൽഡ് ഓഫീസർ ഒ. ഹസ്സൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.