ഇടുക്കി ജില്ലാതല പ്രവേശനോത്സവം പണിക്കന്‍കുടി ഗവ. സ്‌കൂളില്‍ നടന്നു

post

വിദ്യാഭ്യാസ രംഗത്തെ കേരള മോഡല്‍ ലോകത്തിന് മാതൃക: മന്ത്രി റോഷി അഗസ്റ്റിന്‍

സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം പണിക്കന്‍കുടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ രംഗത്തെ കേരള മോഡല്‍ ലോകത്തിന് തന്നെ മാതൃകയെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പൊതുവിദ്യാഭ്യസ രംഗത്ത് വലിയ തോതില്‍ മാറ്റമുണ്ടായി. വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാര്‍ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. സാമൂഹിക തുല്യത, സമൂഹത്തിന്റെ സമഗ്രവികസനം തുടങ്ങി വികസിത രാജ്യങ്ങളുടെ സൂചികകള്‍ വച്ച് പരിശോധിച്ചാല്‍ പോലും 'കേരള മോഡല്‍' വിദ്യാഭ്യാസ രംഗത്ത് വരുത്തിയ മാറ്റങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. സാക്ഷരതയില്‍ നാം കൈവരിച്ച നേട്ടം പിന്നീട് പൊതുവിദ്യാഭ്യാസ മേഖലയില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ക്ക് വഴിതെളിച്ചു. പ്രാഥമിക തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ച്ചയായി വിദ്യാഭ്യാസം നല്‍കാന്‍ സാധിക്കുന്ന അന്തരീക്ഷം സംസ്ഥാനത്തുണ്ട്. ഈ അധ്യയനവര്‍ഷം 45 ലക്ഷത്തിലധികം കുട്ടികളാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനം നേടിയത്. ഗുണമേന്‍മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കാനും ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കാനും സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


പണിക്കന്‍കുടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ ഹൈടെക്ക് കെട്ടിടം ഈ വര്‍ഷം തന്നെ നിര്‍മിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൂന്ന് കോടി രൂപ പുതിയ സ്‌കൂള്‍ കെട്ടിടത്തിന് നേരത്തെ അനുവദിച്ചിട്ടുണ്ട്. കൂടാതെ ലാബ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി മന്ത്രി റോഷി അഗസ്റ്റിന്‍ 20 ലക്ഷം രൂപയും ചടങ്ങില്‍ പ്രഖ്യാപിച്ചു.

അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തി. നാടിന്റെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സ്ഥാപനങ്ങളാണ് വിദ്യാലയങ്ങളെന്ന് അദ്ദേഹം പറഞ്ഞു. പണിക്കന്‍കുടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് എം.പി ഫണ്ടില്‍ നിന്ന് 5 ലക്ഷം രൂപ അനുവദിച്ചതായും എം.പി പ്രഖ്യാപിച്ചു.

സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നതിന്റെ ഓണ്‍ലൈന്‍ സംപ്രേഷണവും സ്‌കൂളില്‍ ഒരുക്കിയിരുന്നു. എസ് എസ് എല്‍ സി, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനവും ജിജോ ബേബി മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് വിതരണവും ചടങ്ങില്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു അധ്യക്ഷത വഹിച്ചു.