റവന്യൂ ഡിവിഷണൽ ഓഫീസിന്റെയും സബ് കലക്ടറുടെ പുതിയ ഓഫീസിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു

post

തൃശൂർ റവന്യൂ ഡിവിഷൻ ഓഫീസിന്റെയും സബ് കലക്ടറുടെ പുതിയ ഓഫീസ് കെട്ടിടത്തിന്റെയും ഉദ്ഘാടനം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിച്ചു. റവന്യൂ ഡിവിഷണൽ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന തിരക്കുകൾ ഒഴിവാക്കാൻ ഓൺലൈൻ നടപടിക്രമങ്ങളുൾപ്പെടെയുള്ള ശ്രമങ്ങൾ സർക്കാർ നടത്തി വരികയാണെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ ജീവനക്കാരെയും സൗകര്യങ്ങളെയും സാധ്യതകളെയും ഉപയോഗപ്പെടുത്തി അതിനെ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട വലിയ പ്രവർത്തനങ്ങളാണ് റവന്യൂ ഡിവിഷണൽ ഓഫീസിൽ നടക്കുന്നത്. സീനിയർ സിറ്റിസൺ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണുന്ന ഉത്തരവാദിത്തവും റവന്യൂ ഡിവിഷണൽ ഓഫീസിലുണ്ട്. ജില്ലയിൽ നേരത്തെയുണ്ടായിരുന്ന ആർഡി ഓഫീസിന് സ്ഥല പരിമിതി മൂലം ജനങ്ങൾക്ക് ഉദ്യോഗസ്ഥരെ കാണാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. ഇതിനെയെല്ലാം മറികടന്ന് സൗകര്യപ്രദമായ രീതിയിൽ കാര്യക്ഷമമായി പ്രവർത്തിക്കാനാണ് പുതിയ ഓഫീസ് ലക്ഷ്യം വെയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കലക്ട്രേറ്റിലെ ഒന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന പോലീസ് സൂപ്രണ്ട് ഓഫീസിലാണ് റവന്യൂ ഡിവിഷണൽ ഓഫീസ് പ്രവർത്തനമാരംഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ, എഡിഎം ടി മുരളി, സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, അസി. കലക്ടർ വി എം ജയകൃഷ്ണൻ, ഡെപ്യൂട്ടി കലക്ടർ എം സി ജ്യോതി, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.