സ്കൂൾ പ്രവേശനോത്സവത്തിൻ്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു

post

സ്കൂൾ പ്രവേശനോത്സവത്തിൻ്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം മെഡിക്കൽ കോളജ് ക്യാമ്പസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ഓരോ വർഷവും ലക്ഷക്കണക്കിന് കുട്ടികൾ സർക്കാർ വിദ്യാലയങ്ങളിലേക്കെത്തുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. ഏഴ് വർഷമായി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന കഠിനശ്രമത്തിന്റെ വിജയമാണ് പൊതുവിദ്യാഭ്യാസരംഗത്തെ ശാക്തീകരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആയിരക്കണക്കിന് കോടി രൂപയാണ് പൊതു വിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ ചെലവഴിക്കുന്നത്. കേരളത്തിന്റെ മതസൗഹാർദ്ദ അന്തരീക്ഷത്തിന്റെ ഫാക്ടറിയാണ് പൊതുവിദ്യാഭ്യാസ കേന്ദ്രങ്ങളെന്നും മന്ത്രി പറഞ്ഞു.

തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ ഡോ.ബീന ഫിലിപ്പ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി മികവ് പരിപാടിയിൽ വിജയികളായ പ്രതിഭകളെ ആദരിച്ചു. ജില്ലാ കലക്ടർ എ.ഗീത 'ഹലോ ഇംഗ്ലീഷ് സ്റ്റോറി' പുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിക്കുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഉടമ ആഗ്ന യാമി വിശിഷ്ടാതിഥിയായിരുന്നു.


കോർപ്പറേഷൻ വിദ്യാഭ്യാസ - കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രേഖ സി, വിദ്യാഭ്യാസ ഉപ ഡയറക്ടർ മനോജ് മണിയൂർ, സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രാെജക്ട് കോഡിനേറ്റർ ഡോ. എ.കെ അബ്ദുൾ ഹക്കീം, ആർ.ഡി.ഡി സന്തോഷ് കുമാർ എം, വി.എച്ച്. എസ്.സി എ.ഡി അപർണ വി ആർ, ഡയറ്റ് പ്രിൻസിപ്പൽ ഡോ.യു.കെ അബ്ദുൾ നാസർ, കൈറ്റ് കോഡിനേറ്റർ പ്രിയ വി.എം, വാർഡ് കൗൺസിലർ കെ. മോഹൻ, പ്രധാനാധ്യാപകൻ ഡോ. എൻ പ്രമോദ്, ജനപ്രതിനിധികൾ, വിദ്യാഭ്യാസ - രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.