ലോക സൈക്കിൾദിനം: ബോധവൽക്കരണ റാലി നടത്തി

post

ലോക സൈക്കിൾ ദിനത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസും ദേശീയ ആരോഗ്യദൗത്യവും കണ്ണൂർ സൈക്ലിങ് ക്ലബും സംയുക്തമായി ബോധവത്കരണ സൈക്കിൾ റാലി നടത്തി. ജീവിതശൈലീ രോഗനിയന്ത്രണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച റാലി രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ആരോഗ്യത്തിന് സൈക്കിൾ എന്നതാണ് ഇത്തവണത്തെ സൈക്കിൾ ദിന സന്ദേശം.

ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മർദം തുടങ്ങിയവ കുറയ്ക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സൈക്ലിങ് വളരെയധികം സഹായിക്കും. കൂടാതെ സ്‌ട്രെസ്, ഡിപ്രഷൻ, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്‌നങ്ങൾ കുറയ്ക്കുവാനും ഏകാഗ്രത വർധിപ്പിക്കുവാനും സാധിക്കും. രാവിലെ ഏഴ് മണിക്ക് കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് നിന്നാരംഭിച്ച റാലിയിൽ ആരോഗ്യ വകുപ്പ് ജീവനക്കാർ, കണ്ണൂർ സൈക്ലിങ് ക്ലബിലെ അംഗങ്ങൾ തുടങ്ങി മുപ്പത് പേർ പങ്കെടുത്തു. കണ്ണൂർ സിവിൽ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച റാലി പയ്യാമ്പലം ചുറ്റി സിവിൽ സ്റ്റേഷനിൽ തന്നെ സമാപിച്ചു. ജീവിതശൈലിരോഗ നിയന്ത്രണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ സൈക്ലിങ് ക്ലബിലേക്കുള്ള അംഗത്വ വിതരണവും നടത്തി. ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു.