കരുതലും കൈത്താങ്ങുമായി മാവേലിക്കര താലൂക്ക്തല പരാതിപരിഹാര അദാലത്ത്

post

അഴിമതിക്കാരെ ചൂണ്ടിക്കാട്ടാൻ സർവീസ് സംഘടനകളും ജനപ്രതിനിധികളും തയ്യാറാകണം: മന്ത്രി സജി ചെറിയാൻ

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്ക്തല പരാതിപരിഹാര അദാലത്ത് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക് സേവനം ലഭ്യമാക്കാൻ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന അഴിമതിക്കാരെ ചൂണ്ടിക്കാട്ടാൻ സർവീസ് സംഘടനകളും ജനപ്രതിനിധികളും തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു. 

കെട്ടിക്കിടന്ന പതിനായിരക്കണക്കിന് ഫയലുകൾക്ക് പരിഹാരം കാണാനുള്ള സർക്കാരിന്റെ വലിയ പ്രശ്‌നപരിഹാര പദ്ധതിയാണ് അദാലത്തിലൂടെ നടപ്പിലാക്കുന്നത്. ഭരണഘടനപ്രകാരം കോടതികൾ, എക്‌സിക്യൂട്ടീവ്, നിയമനിർമാണസഭ എന്നിവ ഒരേ മാലയിലെ മുത്തുകൾ പോലെയാണ്. അത് ഒന്നിച്ചു പോകേണ്ടതുണ്ട്. ഇതിന് തടസ്സമുണ്ടാകുമ്പോൾ സേവനങ്ങൾ വൈകുന്നു. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനെയും സർക്കാർ കൈവിടില്ല. ഉദ്യോഗസ്ഥരുടെ കൈകൾ ശുദ്ധമായാൽ സംരക്ഷിക്കപ്പെടും. കാര്യങ്ങൾ നടത്താതിരിക്കാനുള്ള കുറിപ്പ് എഴുതി സന്തോഷിക്കുന്ന ഉദ്യോഗസ്ഥരും ഉണ്ട്. അദാലത്തുകൾ ഒഴിവാക്കി ഓഫീസുകളിൽ തന്നെ പ്രശ്‌നപരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

മാവേലിക്കര എം.എൽ.എ എം.എസ് അരുൺകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എ.എം ആരിഫ് എം.പി, ജില്ലാ കളക്ടർ ഹരിത വി. കുമാർ തുടങ്ങിയവ‌ർ പങ്കെ‌ടുത്തു.


ചന്ദ്രമതിയമ്മയ്ക്ക് തണലേകി കരുതലും കൈത്താങ്ങും അദാലത്ത്

'78 വയസായി മോനെ. എനിക്ക് നടക്കാനോ സ്വന്തമായി കാര്യങ്ങൾ ചെയ്യാനോ പറ്റില്ല. കയറികിടക്കാൻ ഒരു വീട് വേണം' വളരെ പ്രയാസപ്പെട്ടാണ് ചന്ദ്രമതിയമ്മ ഈ ബുദ്ധമുട്ടുകളൊക്കെയും മന്ത്രി സജി ചെറിയാനോട് പറഞ്ഞ് തീർത്തത്. മാവിലേക്കര താലൂക്കിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിലാണ് തൻറെ സങ്കടങ്ങളുമായി ചുനക്കര സ്വദേശി ചന്ദ്രമതിയമ്മ എത്തിയത്.

നിലവിൽ വാടക വീട്ടിലാണ് താമസം. മാനസിക ബുദ്ധിമുട്ടുള്ള മകന് ചന്ദ്രമതിയമ്മയെ പരിചരിക്കാനും കഴിയുന്നില്ല. പരാതി പരിഗണിച്ച മന്ത്രി സജി ചെറിയാൻ പുലിയൂർ ഗാന്ധി ഭവൻ അധികൃതരെ നേരിട്ട് വിളിച്ചു ചന്ദ്രമതിയമ്മയെ അവിടേക്ക് മാറ്റാൻ നിർദേശം നൽകി. തുടർന്ന് സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ അമ്മയെ ഉടൻ തന്നൊ അദാലത് വേദിയിൽ നിന്നും ഗാന്ധി ഭവനിലേക്ക് മാറ്റി.

നാലു വർഷം മുൻപാണ് ഭർത്താവ് മരിച്ചത്. ആകെയുള്ള മകൻ കമ്പ്യൂട്ടർ ബിരുദധാരിയാണ്. എന്നാൽ മാനസികാസ്വാസ്ഥ്യം നേരിടുന്നതിനാൽ ഇടയ്ക്ക് വീട് വിട്ടു പോകും. മകനെ കണ്ടെത്തി ഉടൻ തന്നെ പുനരധിവസിപ്പിക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

റജീനയുടെ കടം എഴുതി തള്ളും

ഭർത്താവിന്റെ ചികിത്സക്കായി എടുത്ത ലോൺ എഴുതി തള്ളാൻ നിർദേശിച്ച് മന്ത്രി സജി ചെറിയാൻ. ആദിക്കാട്ടുകുളങ്ങര വെളിയിൽ തെക്കേതിൽ പി.ബി. റജീനയുടെ വായ്പയാണ് മന്ത്രിയുടെ ഇടപെടലിൽ എഴുതി തള്ളിയത്. മാവേലിക്കര താലൂക്കിൽ നടന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിലാണ് റജീന പരാതിയുമായി എത്തിയത്.

13 വർഷം തുടർച്ചയായി ഭർത്താവ് ഇബ്രാഹിം കുട്ടിക്ക് ഡയാലിസിസ് ചെയ്യേണ്ടിവന്നു. വൻ തുക മുടക്കി ഭർത്താവിനെ ചികിത്സിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. എങ്കിലും തന്നാൽ ആവുന്നത് പോലെയുള്ള ജോലി ചെയ്തു കടങ്ങൾ വീട്ടിവരുമ്പോഴാണ് 2016 ൽ ഒരു വാഹനാപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവർക്ക് പിന്നീട് വായ്പ തിരിച്ചടയ്ക്കാൻ കഴിയാതായി.

അപകടത്തിന് ശേഷം റജീനയുടെ ചികിത്സക്കും മരുന്നിനും മാത്രം മാസം 3800 രൂപ ചെലവാകും. തുച്ഛമായ വരുമാനം കൊണ്ട് ലോൺ അടച്ചു തീർക്കാൻ ഈ നിർധന കുടുംബത്തിന് കഴിയില്ല. ഈ അവസ്ഥ പരിഗണിച്ചാണ് ബാക്കി വായ്പ തുക എഴുതി തള്ളാൻ മന്ത്രി നിർദേശിച്ചത്.

സുധാരന് ഇനി വീടെന്നത് ഒരു സ്വപ്നമല്ല

ജീവന് ഭീഷണിയായി വീട് നിൽക്കുമ്പോൾ സമാധാനമായി എങ്ങനെ തല ചായ്ക്കും. ഏതു നിമിഷവും തകർന്നു വീഴാറായ വീട്ടിലാണ് കണ്ണമംഗലം സ്വദേശി സുധാരന്റെ താമസം. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകണമെന്ന ആവശ്യവുമായാണ് സുധാകരൻ കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ മന്ത്രി സജി ചെറിയാന്റെ മുന്നിലെത്തിയത്.

റബർ ടാപ്പിംഗ് തൊഴിലാളിയായിരുന്നു സുധാരൻ. 32 വർഷം പഴക്കമുള്ള വീട് പൊളിച്ചു ലൈഫ് മിഷനിൽ ഉൾപ്പെടുത്തി പുതിയ വീട് വേണമെന്ന ആവശ്യം രണ്ട് തവണയാണ് പഞ്ചായത്ത്‌ കമ്മിറ്റി നിരസിച്ചത്. ഈ അവസ്ഥയിലാണ് പരിഹാരം തേടി അദാലത്ത് വേദിയിലേക്ക് എത്തിയത്.

പ്രഥമ പരിഗണന നൽകി രണ്ടാഴ്ച്ചക്കുള്ളിൽ പരാതിയിന്മേൽ നടപടിയെടുക്കാൻ ചെട്ടികുളങ്ങര പഞ്ചായത്ത്‌ സെക്രട്ടറിക്ക് മന്ത്രി കർശന നിർദ്ദേശം നൽകി. തടസങ്ങൾ എല്ലാം മാറി വീടെന്ന സ്വപ്നം ഉടൻ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയോടെയാണ് സുധാരൻ അദാലത്ത് വേദിയിൽ നിന്നും മടങ്ങിയത്.

ശബ്ദങ്ങളുടെ ലോകത്തേക്ക് തിരികെയെത്തി അനന്തു

കേൾവി ശക്തിയില്ലാതെ ബുദ്ധിമുട്ടിലായിരുന്ന ബിരുദ വിദ്യാർഥി അനന്തുവിന് ആശ്വസമേകി മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ കരുതലും കൈത്താങ്ങും അദാലത്ത്. അനന്തുവിന്റെ ശ്രവണ സഹായി കഴിഞ്ഞ ആറ് മാസക്കാലമായി തകരാറിലാണ്. പതിനായിരങ്ങൾ വിലവരുന്ന പുതിയ ശ്രവണ സഹായി വാങ്ങാനുള്ള സാമ്പത്തിക സ്ഥിതിയുമില്ല. നേരത്തെ ഉപയോഗിച്ചതൊക്കെയും സുമനസുകളുടെ സഹായത്തിൽ ലഭിച്ചവയാണ്. ഈ സാഹചര്യത്തിലാണ് അനന്തു പരാതിയുമായി മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടന്ന മാവേലിക്കര അദാലത്തിന് മുന്നിലെത്തിയത്.

മന്ത്രിമാരുടെ നിർദേശത്തെ തുടർന്ന് ജില്ല സാമൂഹ്യനീതി ഓഫീസ് ആലപ്പുഴ ശാലോം സ്പീച്ച് ആൻഡ് ഹിയറിങ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് സ്പോൺസർഷിപ്പിലൂടെ അനന്തുവിന് പുതിയ ശ്രവണ സഹായി വാങ്ങി നൽകി. കഴിഞ്ഞ ആറ് മാസമായി യാതൊന്നും കേൾക്കാൻ സാധിക്കാതെ ബുദ്ധിമുട്ടിയിരുന്ന അനന്തു നിറകണ്ണികളോടെയാണ് പുതിയ ശ്രവണ സഹായി ഏറ്റുവാങ്ങിയത്. മാവേലിക്കര പല്ലാരിമംഗലം സ്വദേശിയാണ് അനന്തു.

ലൈഫ് മിഷൻ പട്ടികയിൽ ക്യാൻസർ രോഗിക്ക് പ്രഥമ പരിഗണന നൽകാൻ നിർദേശം

ലൈഫ് മിഷൻ പദ്ധതിയിൽ വീട്‌ ലഭിക്കാനായി അപേക്ഷിച്ചെങ്കിലും പിന്നിലായതിനാൽ വീട് ലഭിക്കാൻ വൈകിയ ചുനക്കര സ്വദേശി ഷീബയ്ക്ക് മന്ത്രിയുടെ ഇടപെടലിലൂടെ വേഗത്തിൽ വീട് ലഭിക്കും.

അർബുദ രോഗബാധിതയായ ഷീബയ്ക്ക് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ മാവേലിക്കരയിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിലാണ് വീട് ലഭിക്കാനുള്ള പ്രക്രിയ വേഗത്തിലാക്കിക്കിട്ടിയത്. പരാതി കേട്ട മന്ത്രി രോഗിയായ ഷീബക്ക് പട്ടികയിൽ ഒന്നാം സ്ഥാനം തന്നെ നൽകണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിർദേശിച്ചു.

2021ലാണ് ഷീബക്ക് സ്തനാർബുദം ബാധിച്ചത്. തിരുവനന്തപുരം ആർ.സി.സി.യിൽ ചികിത്സ തുടരുകയാണ്. നിലവിൽ വാടകവീട്ടിലാണ് ഷീബയും കുടുംബവും താമസിക്കുന്നത്. അടുത്തിടെ ശസ്തക്രിയയിൽ ഗർഭപാത്രവും നീക്കം ചെയ്തിരുന്നു.

ലൈഫ് പട്ടികയിൽ 269-ാം സ്ഥാനത്തായിരുന്നു ഷീബയുടെ പേര്. പട്ടികയിൽ പ്രഥമ പരിഗണന നൽകണമെന്ന് മന്ത്രി നിർദേശിച്ചതോടെ അധികം വൈകാതെ സ്വന്തം വീട്ടിലേക്ക് മാറാമെന്ന ശുഭ പ്രതീക്ഷയിലാണ് ഷീബ മടങ്ങിയത്.