കരുതലിന്‍ കൂട്; 20 കുടുംബങ്ങള്‍ക്ക് വീടിന്റെ അടച്ചുറപ്പേകി ലൈഫ് മിഷന്‍

post

സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികം 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി കാസർകോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ചെമ്പക്കാട് പട്ടികവർഗ്ഗ കോളനിയിൽ 20 വീടുകൾ പൂർത്തീകരിച്ചു. 'കരുതലിൻ കൂട്' പൂർത്തീകരണ പ്രഖ്യാപനവും താക്കോൽ കൈമാറ്റവും സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ നിർവഹിച്ചു. ബാക്കി വരുന്ന വീടുകൾ നിർമ്മിക്കാൻ ഒരു കോടി രൂപ കൂടി സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും അതിന്റെ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.


കേരളത്തിലെ ഭവനരഹിതരായ എല്ലാ കുടുംബങ്ങൾക്കും അടച്ചുറപ്പുള്ള വീടും അന്തസ്സാർന്ന ജീവിതവും ലഭ്യമാക്കും എന്ന സർക്കാർ വാഗ്ദാനം ലക്ഷ്യത്തിലെത്തുകയാണെന്നും കേരളത്തിൽ ഇതുവരെ 4 ലക്ഷം വീടുകൾ പൂർത്തീകരിച്ചു എന്നും ഒരു ലക്ഷം വീടുകളുടെ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു. കേരള സർക്കാർ അധികാരത്തിൽ വരുമ്പോൾ നൽകിയ എല്ലാ വാഗ്ദാനങ്ങളും വിജയകരമായി പാലിച്ചുവരുകയാണന്നും മൂന്ന് വർഷം കൊണ്ട് അതിദാരിദ്ര്യർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തിനെ മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്നും എം.എൽ.എ പറഞ്ഞു. 5 സെന്റ് സ്ഥലത്ത് ആറ് ലക്ഷം രൂപ ചിലവഴിച്ച് എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വീടുകൾ നിർമ്മിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ അധ്യക്ഷത വഹിച്ചു.