ഡെങ്കിപ്പനി: ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

post

ഡെങ്കിപ്പനി കേസുകള്‍ വര്‍ധിച്ചുവരുന്നതിനാല്‍ പത്തനംതിട്ട ജില്ലയില്‍ എല്ലാ വകുപ്പുകളുടേയും സഹകരണത്തോടെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊർജ്ജിതമാക്കാൻ നടപടി. പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും, ഏകോപിപ്പിക്കുന്നതിനുമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തിരുവല്ല സബ് കളക്ടര്‍ സജ്‌ന നസറുദീന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഇന്റര്‍ സെക്ടറല്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.

തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ സ്വയം സുരക്ഷാ മാര്‍ഗങ്ങള്‍ ഉപയോഗിക്കണം. മാലിന്യ സംസ്‌കരണം, പ്രാദേശികമായിട്ടുളള ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷനും യോഗം വിലയിരുത്തി. കുഷ്ഠരോഗം കണ്ടെത്തുന്നതിനുള്ള അശ്വമേധം 6.0 തുടങ്ങുന്നതിനും, മലേറിയ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം ഉറപ്പാക്കും.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി, ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ. സി.എസ്. നന്ദിനി, ഭക്ഷ്യ-സുരക്ഷാ വകുപ്പ്, തൊഴില്‍ വകുപ്പ്, എ.ഡി.സി., ഡ്രഗ് ഇന്‍സ്‌പെക്ടര്‍, വനിതാ-ശിശു വികസന വകുപ്പ്, മൃഗസംരക്ഷണം, ക്ഷീര വികസനം, ഫിഷറീസ്, പട്ടികവര്‍ഗ വികസനം, ശുചിത്വമിഷന്‍, ഹരിതകേരളം മിഷന്‍, ഭക്ഷ്യസുരക്ഷ, പോലീസ്, ടൂറിസം, കുടുംബശ്രീ, ആയുര്‍വേദം, ഹോമിയോ, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.