അർത്തുങ്കൽ ഹാർബറിന് സെപ്റ്റംബർ ഒന്നിന് തറക്കല്ലിടും

post

നിയമവിരുദ്ധമായ മത്സ്യബന്ധനം അവസാനിപ്പിക്കാൻ പട്രോളിങ് ശക്തമാക്കും

ഒറ്റമശ്ശേരി പുലിമുട്ട് നിർമ്മാണം അതിവേഗം പൂർത്തിയാക്കും

അർത്തുങ്കൽ ഹാർബറിന് സെപ്റ്റംബർ ഒന്നിന് തറക്കല്ലിട്ട് അന്നുതന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അർത്തുങ്കൽ സെന്റ് ജോർജ് പാരിഷ് ഹാളിൽ നടന്ന ചേർത്തല മണ്ഡലതല തീരസദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അർത്തുങ്കൽ ഹാർബറിനായി 150.47 കോടി രൂപയുടെ ഭരണാനുമതി നൽകി ടെൻഡർ നടപടികൾ നടന്നുവരികയാണ്. സ്ഥലം ലഭ്യമായാൽ ചേർത്തല മണ്ഡലത്തിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നെറ്റ് ഫാക്ടറി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. അർത്തുങ്കൽ ബീച്ച് നവീകരണം, തീർത്ഥാടന കേന്ദ്രത്തിന്റെ പൂർത്തീകരണം എന്നിവയ്ക്ക് മുൻഗണന നൽകി ബന്ധപ്പെട്ട വകുപ്പു മന്ത്രിയെ കണ്ട് അക്കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

നിയമവിരുദ്ധമായ മത്സ്യബന്ധനം അവസാനിപ്പിക്കാനായി പട്രോളിങ് ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. 24 മണിക്കൂറും മൂന്ന് പെട്രോളിങ് ബോട്ടുകൾ നിരീക്ഷണം നടത്തും. ഒറ്റമശ്ശേരി പുലിമുട്ട് നിർമ്മാണം അതിവേഗം പൂർത്തിയാക്കും. രൂക്ഷമായ കടലാക്രമണങ്ങളുള്ള ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി അവിടുത്തെ കടൽ ഭിത്തിയുടെ നിലവിലെ സ്ഥിതി റിപ്പോർട്ട് ചെയ്യാൻ ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. അന്ധകാരനഴി- ഒറ്റമശ്ശേരി പൊഴിച്ചാലിന്റെ ആഴം കൂട്ടൽ ജലസേചന മന്ത്രിയുമായി ആലോചിച്ച് നടപ്പിലാക്കും. ചേർത്തല മണ്ഡലത്തിലെ തീരദേശ മേഖലയിലെ റോഡുകൾക്ക് പ്രത്യേക പരിഗണന നൽകും. അർത്തുങ്കൽ ഹാർബൽ മുതൽ ചേന്നംകരി വരെയുള്ള നാല് കിലോമീറ്ററിൽ റോഡ് നിർമ്മിക്കാനായി ഹാർബർ എൻജിനീയറിങ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ തുടങ്ങിയവർ ഉടൻ സ്ഥലം സന്ദർശിക്കും. ഇത് പ്രായോഗികമാണെങ്കിൽ ഫിഷറീസ് വകുപ്പ് തുക അനുവദിച്ച് റോഡ് നിർമ്മിക്കും. ക്ഷേമനിധി ഓഫീസിൽ നൽകിയിരിക്കുന്ന എല്ലാ പ്രമാണങ്ങളും മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചുനൽകുമെന്നും മന്ത്രി പറഞ്ഞു.

88 കുടുംബങ്ങലുള്ള അന്ധകാരനഴി സുനാമി കോളനി, കടക്കര പ്പള്ളി ലക്ഷംവീട് കോളനി, അർത്തുങ്കലിലെ പനമ്പാശ്ശേരി തുടങ്ങിയ കോളനികളുടെ നവീകരണത്തിന് എസ്റ്റിമേറ്റ് എടുക്കാൻ തീരദേശ വികസന കോർപ്പറേഷനെ ചുമതലപ്പെടുത്തി. ചേർത്തല തെക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി ഡിഎംഒയുടെ പ്രതിനിധി റിപ്പോർട്ട് സമർപ്പിക്കും. അർത്തുങ്കൽ ഫിഷറീസ് സ്കൂളിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു. സി.ആർ. ഇസഡുമായി ബന്ധപ്പെട്ട പരാതികൾ ഒമ്പതാം തീയതി നടക്കുന്ന ഹിയറിങ്ങിൽ പരിഗണിക്കും.

നിർമ്മാണം ആരംഭിച്ചാൽ അർത്തുങ്കൽ ഹാർബർ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു.

മത്സ്യത്തൊഴിലാളി മേഖലയിൽ വിവിധ ഇനങ്ങളിൽ കഴിവ് തെളിയിച്ച 42 പേരെ മന്ത്രി സജി ചെറിയാൻ ചടങ്ങിൽ ആദരിച്ചു. മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് വഴി വിവാഹ ധനസഹായമായി 17 കുടുംബങ്ങൾക്ക് 10000 രൂപ വീതം മന്ത്രി വിതരണം ചെയ്തു. സാഫിന്റെ സൂക്ഷ്മ തൊഴിൽ സംരംഭകർക്കുള്ള സാമ്പത്തിക സഹായമായി ചെറുകിട സ്വയം തൊഴിൽ സംരംഭ വികസനത്തിനായി 27 ലക്ഷം രൂപ ജി.എൽ.ജി. സ്കീമിൽ വഴി മൂന്നുലക്ഷം രൂപയും ഉൾപ്പെടെ 30 ലക്ഷം രൂപ മന്ത്രി വിതരണം ചെയ്തു. സാഫിന്റെ ഡിജിറ്റൽ മീഡിയ ആൻഡ് മാർക്കറ്റിംഗ് കോഴ്സ് പൂർത്തിയാക്കിയ ആര്യശ്രീയ്ക്ക് മന്ത്രി സർട്ടിഫിക്കറ്റ് നൽകി. രീതിയിൽ പ്രവർത്തനം നടത്തുന്ന മുഹമ്മ അമ്മ ഹോട്ടൽ യൂണിറ്റിലെ മൂന്ന് അംഗങ്ങളെയും മന്ത്രി ചടങ്ങിൽ ആദരിച്ചു. മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട മരിച്ചവർക്കുള്ള ക്ഷേമനിധി ബോർഡ് ധനസഹായമായ 10 ലക്ഷം രൂപയും മരണാനന്തര ധനസഹായമായ പത്തുലക്ഷത്തി പതിനായിരം രൂപയും മന്ത്രി വിതരണം ചെയ്തു.

ഫിഷറീസ് അഡീഷണൽ ഡയറക്ടർ എൻ. എസ് ശ്രീലു, എ.എം. ആരിഫ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരി, മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ജി മോഹനൻ, ചേർത്തല മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ സിനിമോൾ സാംസൺ, സുജിത ദിലീപ്, ജെയിംസ് ചിങ്കുതറ, കവിത ഷാജി, സ്വപ്ന ഷാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, അർത്തുങ്കൽ റക്റ്റർ റവ. ഫാദർ സ്റ്റീഫൻ ജെ പുന്നക്കൽ, സെന്റ് ജോർജ് പള്ളി വികാരി റവ. ഫാദർ ജോൺ കണ്ടത്തിൽ പറമ്പിൽ, എ.ഡി.എം. എസ്. സന്തോഷ് കുമാർ വിവിധ മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.