സമ്പൂർണ്ണ ശുചിത്വ ഗ്രാമപഞ്ചായത്തായി കായണ്ണ

post

കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ആദ്യ ശുചിത്വ ഗ്രാമപഞ്ചായത്തായി കായണ്ണ. കായണ്ണ ഗ്രാമപഞ്ചായത്തിൽ നടന്ന ഹരിതസഭയിൽ കെ.എം സച്ചിൻ ദേവ് എം.എൽ.എ ശുചിത്വ ഗ്രാമപഞ്ചായത്ത് പ്രഖ്യാപനം നടത്തി. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലുമായി 5000 ഫലവൃക്ഷതൈകൾ നടുന്നതിന്റെ ഉദ്ഘാടനം സിഡിഎസ് ചെയർപേഴ്സൺ പ്രജിന കാക്കിരാന്തിക്ക് മാവിൻ തൈ നൽകി എം.എൽ.എ നിർവഹിച്ചു.

കായണ്ണയിലെ മുഴുവൻ പുഴകളും തോടുകളും അരുവികളും മാലിന്യങ്ങളും നീക്കി നീരൊഴുക്ക് പുനസ്ഥാപിച്ചു. ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ എല്ലാ വീടുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. പൊതുസ്ഥാപനങ്ങളും ഓഫീസുകളും സ്കൂളുകളും ശുചീകരിച്ചു. ഇതു വഴി സമ്പൂർണ്ണ ശുചിത്വഗ്രാമമായി കായണ്ണയെ മാറ്റി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി. കെ. ശശി അധ്യക്ഷത വഹിച്ചു. കായണ്ണ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനങ്ങളും ശുചിത്വം പാലിക്കുമെന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമാർജനം ചെയ്യുമെന്നുള്ള പ്രതിജ്ഞ വൈസ്പ്രസിഡന്റ്‌ പി. ടി. ഷീബ ചൊല്ലി കൊടുത്തു. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പരിസ്ഥിതിദിന സന്ദേശം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. നാരായണൻ നൽകി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനിഷ കെ.വി, ഗ്രാമപഞ്ചായത്ത് അംഗകളായ പി.സി. ബഷീർ, ജയപ്രകാശ് കായണ്ണ, പി.കെ. ഷിജു, വിനയ. പി, ഗാന കെ. സി, ബിജി സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. ടി. മനോജ്‌ കുമാർ, അസിസ്റ്റന്റ് സെക്രട്ടറി സായി പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.