തരൂര്‍ ചന്തത്തിന് വടക്കഞ്ചേരിയില്‍ തുടക്കമായി

post

മാലിന്യമുക്തം നവ കേരളം പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ തരൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന 'തരൂര്‍ ചന്തത്തിന്' വടക്കഞ്ചേരിയില്‍ തുടക്കമായി. ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് 'തരൂര്‍ ചന്തം' പദ്ധതിയുടെ ഭാഗമായി റോഡരികുകളിലെ മാലിന്യം നീക്കം ചെയ്ത് തണല്‍ മരങ്ങളും അലങ്കാര ചെടികളും നട്ടു പിടിപ്പിച്ചു. മംഗലംപാലം മുതല്‍ ആമക്കുളം വരെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പഞ്ചായത്തിന് കീഴിലെ എല്ലാ വാര്‍ഡുകളിലും മാലിന്യം കുന്നുകൂടുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ഇത്തരത്തില്‍ വൃത്തിയാക്കി മരതൈകളും ചെടുകളും വച്ച് പിടിപ്പിക്കും.

വാര്‍ഡംഗങ്ങളുടെ നേതൃത്വത്തില്‍ സന്നദ്ധസംഘടനകള്‍, എന്‍.എസ്.എസ് വൊളണ്ടിയര്‍മാര്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് ഈ പ്രദേശങ്ങളുടെ തുടര്‍പരിപലനം നടത്തും. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിന് പ്രാദേശിക സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. രാത്രി സമയത്തും നിരീക്ഷണം നടത്തും. ഇത്തരം ഇടങ്ങളില്‍ ഗ്രാമപഞ്ചായത്ത് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും. കൂടാതെ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി ഗ്രാമപഞ്ചായത്തില്‍ അറിയിക്കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികമായി ഗ്രാമപഞ്ചായത്ത് നല്‍കും. മാലിന്യനിക്ഷേപം സംബന്ധിച്ച് ഫോട്ടോ സഹിതമുള്ള വിവരങ്ങള്‍ കൈമാറുന്നതിന് വടക്കഞ്ചേരിയിലെ വിവിധ ഇടങ്ങളില്‍ ക്യൂ.ആര്‍ കോഡും സ്ഥാപിക്കുന്നുണ്ട്. ബോധവത്കരണത്തിനൊപ്പം ശിക്ഷാനടപടികളും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ഗ്രാമപഞ്ചായത്ത് സ്വീകരിക്കും.

പരിപാടിയുടെ ഉദ്ഘാടനം പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. വടക്കഞ്ചേരി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍, വടക്കഞ്ചേരി സിവില്‍ ഡിഫന്‍സ്, ചെറുപുഷ്പം ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ്, വാക്കഞ്ചേരി ഐ.എച്ച്.ആര്‍.ഡി കോളേജ് എന്‍ എസ് എസ് അംഗങ്ങള്‍ എന്നിവര്‍ പങ്കാളികളായി. കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സുമതി ടീച്ചര്‍, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹുസ്സനാര്‍, വാര്‍ഡംഗം ഷുക്കൂര്‍ തുടങ്ങിയവർ പങ്കെടുത്തു.