സാഗര്‍ പരിക്രമ യാത്ര: കേന്ദ്രമന്ത്രി തോട്ടപ്പള്ളി ഹാര്‍ബര്‍ സന്ദര്‍ശിച്ചു
കേന്ദ്ര സര്‍ക്കാരിന്റെ സാഗര്‍ പരിക്രമ യാത്രയുടെ ഭാഗമായി കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാല ആലപ്പുഴ തോട്ടപ്പള്ളി ഹാര്‍ബര്‍ സന്ദര്‍ശിച്ചു. തോട്ടപ്പള്ളി ഹാര്‍ബറിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഹാര്‍ബറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള എല്ലാ സഹായങ്ങളും അദ്ദേഹം ഉറപ്പ് നല്‍കി. മത്സ്യത്തൊഴിലാളികള്‍, തീരദേശ നിവാസികള്‍ തുടങ്ങിയവരുമായി സംവദിക്കുന്നത് ലക്ഷ്യമിട്ടാണ് സന്ദര്‍ശനം.
കിസാന്‍ ക്രഡിറ്റ് കാര്‍ഡ്, പി.എം.എം.എസ്.വൈ. പദ്ധതി പ്രാകരമുള്ള സബ്‌സിഡി ആനുകൂല്യം എന്നിവയുടെ വിതരണം കേന്ദ്ര മന്ത്രിയും എച്ച്. സലാം എം.എല്‍.എ.യും ചേര്‍ന്ന് നിര്‍വഹിച്ചു. 13 പേര്‍ക്കാണ് കിസാന്‍ ക്രഡിറ്റ് കാര്‍ഡ് നല്‍കിയത്. നാല് പേര്‍ക്കാണ് പി.എം.എം.എസ്.വൈ. സബ്‌സിഡി നല്‍കിയത്.
ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി., കേന്ദ്ര ഫിഷറീസ് സെക്രട്ടറി അഭിലാക്ഷ് ലിഖി, പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുദര്‍ശനന്‍, ജില്ല പഞ്ചായത്തംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗം ആര്‍. രാജി, ഫിഷറീസ് അഡീ.ഡയറക്ടര്‍ എന്‍.എസ്. ശ്രീലു, എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം, ഫിഷറീസ് ഡി.ഡി. രമേശ് ശശിധരന്‍, മത്സ്യഫെഡ് ജില്ല മാനേജര്‍ ബി. ഷാനവാസ്, തുടങ്ങിയവര്‍ പങ്കെടുത്തു.