രയരോം ഗവ. ഹൈസ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
കണ്ണൂർ ജില്ലയിലെ രയരോം ഗവ. ഹൈസ്കൂളിൽ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടി മുതൽ മുടക്കിൽ നിർമ്മിച്ച കെട്ടിടം പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കേരള മോഡലിന്റെ വിജയത്തിൽ സ്‌കൂൾ അടിസ്ഥാന സൗകര്യ വികസനം നിർണായക പങ്ക് വഹിച്ചതായി മന്ത്രി പറഞ്ഞു. വിദ്യാലയങ്ങളിൽ ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിൽ കേരളം വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഏഴു വർഷക്കാലത്തെ ചരിത്രം മാത്രം പരിശോധിച്ചാൽ 3800 കോടി രൂപയാണ് പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേരളം ചിലവഴിച്ചത്. സുസജ്ജമായ ക്ലാസ് മുറികൾ, ലൈബ്രറികൾ, ലബോറട്ടറികൾ, മറ്റ് ആവശ്യമായ സൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പഠനത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ആവശ്യമായ ഫർണിച്ചറുകൾ, ശുചിത്വ സൗകര്യങ്ങൾ, ശുദ്ധമായ കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.
വിദ്യാഭ്യാസത്തിൽ രക്ഷിതാക്കളെയും സമൂഹത്തെയും ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കേരള മോഡൽ തിരിച്ചറിയുന്നു. സ്‌കൂൾ ഭരണത്തിലും തീരുമാനങ്ങൾ എടുക്കുന്നതിലും രക്ഷാകർതൃ-അധ്യാപക സംഘടനകൾ സജീവ പങ്ക് വഹിക്കുന്നു. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റികളും അയൽപക്ക പരിപാടികളും പോലുള്ള സംരംഭങ്ങളിലൂടെ കമ്മ്യൂണിറ്റി പങ്കാളിത്തം പ്രോത്സാഹിപ്പിക്കപ്പെടുന്നെന്നും മന്ത്രി പറഞ്ഞു. അഡ്വ. സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷനായി.