സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ ഇടപെടലുമായി സർക്കാർ
സംസ്ഥാനത്ത് പച്ചക്കറികളുടെയും അവശ്യസാധനങ്ങളുടെയും വില വർദ്ധനവ് നിയന്ത്രിക്കാൻ തീരുമാനം. വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ശക്തമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാരോട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർദ്ദേശിച്ചു.
വിലക്കയറ്റത്തിന്റെ തോത് ദേശീയ ശരാശരിയേക്കാൾ കുറവുള്ള സംസ്ഥാനമാണ് കേരളം. ഈ സാഹചര്യത്തിൽ പച്ചക്കറി ഉത്പന്നങ്ങൾ, കോഴി ഇറച്ചി എന്നിവയുടെ വിലയിൽ ഉണ്ടാകുന്ന വില വർദ്ധനവ് സംബന്ധിച്ച് ജില്ലാ കളക്ടർമാർ അടിയന്തിര പരിശോധനകൾ നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഓരോ ജില്ലയിലേയും വിലക്കയറ്റം സംബന്ധിച്ച് ജില്ലാ കളക്ടർമാരുടെ അധ്യക്ഷതയിൽ ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസർമാരും, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരും അടങ്ങുന്ന വില നിലവാര നിരീക്ഷണ സമിതി കാര്യക്ഷമമായി പ്രവർത്തിക്കണം. എ.ഡി.എം/ആർ.ഡി.ഒ/അസിസ്റ്റന്റ് കളക്ടർമാർ ഉൾപ്പെടെയുള്ളവർ പരിശോധനകൾക്ക് നേതൃത്വം നൽകണം. ജില്ലാ തലത്തിലെ ഹോൾസെയിൽ ഡീലേഴ്സുമായി ജില്ലാ കളക്ടർമാർ ചർച്ച നടത്തണമെന്നും വിലക്കയറ്റം കൃത്രിമമായി സൃഷ്ടിക്കുന്നതാണോ എന്ന് പരിശോധിക്കുവാൻ മന്ത്രി നിർദ്ദേശം നൽകി. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് ഉൾപ്പെടെ അന്യ സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി കടന്നു വരുന്ന വാഹനങ്ങൾ കർശന പരിശോധന നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.
എല്ലാ ജില്ലകളിലും കളക്ടറുടെ നേതൃത്വത്തിൽ വില നിരീക്ഷിക്കുന്ന സമിതി നിശ്ചിത ഇടവേളകളിൽ യോഗം ചേർന്ന് പൊതുവിപണിയിൽ വിലക്കയറ്റം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ടെന്ന് മന്ത്രി നിർദ്ദേശിച്ചു. ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിൽ അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കുന്ന ഒരു പ്രവണത കണ്ട് വരാറുണ്ട്. അതുകൂടി മുന്നിൽക്കണ്ടു കൊണ്ട് വില നിയന്ത്രണ സമിതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുമെന്ന് മന്ത്രി അറിയിച്ചു. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മീഷണർ, ജില്ലാ കളക്ടർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.