ഇലയ്ക്കാട് എസ്.കെ.വി. ഗവൺമെന്റ് യു.പി. മാതൃക പ്രീ പ്രൈമറി സ്കൂൾ ഉദ്ഘാടനം ചെയ്തു
കോട്ടയം ജില്ലയിലെ ഇലയ്ക്കാട് എസ്. കെ.വി ഗവൺമെന്റ് യു.പി. സ്കൂളിലെ വർണ്ണക്കൂടാരം മാതൃക പ്രീ പ്രൈമറി സ്കൂളിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം. പി. നിർവഹിച്ചു. അടച്ചു പൂട്ടലിന്റെ വക്കിൽ നിന്ന പൊതു വിദ്യാലയങ്ങൾ ഇപ്പോൾ പുരോഗതിയുടെ പാതയിലാണെന്ന് എം. പി പറഞ്ഞു.
സമഗ്ര ശിക്ഷാ കേരളത്തിന്റെ 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രീ പ്രൈമറി സ്കൂളിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. സ്റ്റാഴ്സ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് മികച്ച നിലവാരത്തിലുള്ള 13 ഇടങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
കുട്ടികൾക്ക് വായനയ്ക്കും എഴുത്തിനും ഭാഷാവികസനത്തിനും അവസരം ഒരുക്കുന്ന ഭാഷാവികസന ഇടം, ഗണിതം ആസ്വദിക്കുന്നതിനും ഗണിതശേഷികൾ മുഴുവൻ കുട്ടികളിലും ഉറപ്പാക്കുന്ന പഠനോപകരണങ്ങൾ സജ്ജമാക്കിയ ഗണിത ഇടം, കുട്ടികളിൽ ശാസ്ത്രാവബോധം വളർത്താൻ 21 ഇനം ഉപകരണങ്ങളടങ്ങിയ ശാസ്ത്ര ഇടം, കുട്ടികളിൽ സംഗീതവും താളാത്മക ചലനത്തിനുമുള്ള ആട്ടവും പാട്ടുമിടം, കുട്ടികളുടെ കരകൗശല പ്രവർത്തനങ്ങൾക്കും അന്വോഷണാത്മക പ്രവർത്തികൾക്കുമുള്ള കരകൗശലഇടം, കുട്ടികളിൽ പഞ്ചേന്ദ്രിയ അനുഭവങ്ങൾ ഒരുക്കുന്നതിനായിട്ടുള്ള സെൻസറിടം, നിർമാണ പ്രവർത്തികൾക്കായി നിർമാണയിടം, സ്വതന്ത്ര ചിത്രരചനയ്ക്കും അവ പ്രദർശിപ്പിക്കുന്നതിനുമുള്ള വരയിടം, കുട്ടികളിൽ കൗതുകവും ജിജ്ഞാസയും ജനിപ്പിക്കുന്ന ഡിജിറ്റൽ സാമഗ്രികൾ അടങ്ങിയ ഈ ഇടം , കുട്ടികൾക്കു പ്രകൃതി നീരീക്ഷണം, പ്രകൃതി സ്‌നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ ഹരിതോദ്യാനത്തിൽ അരുവി, മേൽപ്പാലം, കുളം, സംരക്ഷണവേലി എന്നിവയും നിർമിച്ചിട്ടുണ്ട്.
അഡ്വ.മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.
കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യമ്മ സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജീന സിറിയക്ക്,വൈസ് പ്രസിഡന്റ് ലളിതാ മോഹൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ സച്ചിൻ സദാശിവൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ആർ. ശശിധരൻ നായർ, ജാൻസി ജോർജ്, ഷിബു പോതാംമാക്കിൽ, പ്രവീൺ പ്രഭാകർ, ജയ്മോൾ റോബർട്ട്, ബീന തോമസ്, സ്കൂൾ പ്രഥമ അധ്യാപകൻ കെ. ബി. മധു, കുറവിലങ്ങാട് ബിപിസി ഉദ്യോഗസ്ഥൻ എ. സതീഷ് ജോസഫ്, സ്കൂൾ പിടിഎ പ്രസിഡന്റ് പ്രദോഷ് പി. നമ്പൂതിരി, മുൻ പ്രഥമ അധ്യാപിക വി.എസ്. ചന്ദ്രമ്മ, എംപിടിഎ അധ്യക്ഷ കെ. കെ. സുനിജ, എസ്എംവി അധ്യക്ഷൻ കെ.ഡി.രാജൻ, പ്രിപ്രൈമറി അധ്യാപിക പി.എസ്.അജിത തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.