കണ്ണൂർ ജില്ലയിൽ വായനാദിനാഘോഷം സംഘടിപ്പിച്ചു
ദേശീയ വായനാ ദിനത്തോടനുബന്ധിച്ച് കണ്ണൂരിൽ ജില്ലാതല വായനാദിനാഘോഷം നടത്തി. കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങളുടെ, പ്രത്യേകിച്ച് ക്ലാസിക്കുകളുടെ വായന ജീവിതത്തിൽ നേരിടേണ്ടി വരുന്ന വിവിധ പ്രശ്‌നങ്ങളെ നേരിടാനും തരണം ചെയ്യാനുമുള്ള അനുഭവങ്ങൾ ആർജിക്കാൻ വിദ്യാർഥികളെ സഹായിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
ക്ലാസ് മുറിയിലെ പഠനത്തോടൊപ്പം തന്നെ, ചുറ്റുപാടുകളേയും ലോകത്തേയും ചരിത്രത്തേയും കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുക പുസ്തക വായനയാണ്. വിശക്കുന്ന വയറിന് ആഹാരമെന്ന പോലെ പ്രധാനമാണ് മനസ്സിന് പുസ്തക വായന. വായന മനുഷ്യനെ സമ്പൂർണനാക്കി മാറ്റുന്നു. പുസ്തക വായനയിലൂടെ ലോകത്തെ, വിവിധ കാലഘട്ടങ്ങളെ തിരിച്ചറിയാം. വായിച്ച് വിശകലനം ചെയ്ത് മുന്നോട്ടുപോയാൽ ലോകത്തെ അപഗ്രഥിക്കാൻ, വിശകലനം ചെയ്യാൻ അതിനെ മുന്നോട്ടു നയിക്കാൻ കഴിയുന്ന നല്ല പൗരൻമാരാവാൻ കഴിയും. വായനയെ ശീലമാക്കി ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാനും എം.എൽ.എ നിർദേശിച്ചു. ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ അധ്യക്ഷനായി.