ഗ്രീൻ ഫീൽഡ് ഹൈവേ: നഷ്ടപരിഹാരത്തുക ഒരു മാസത്തിനകം നൽകാൻ നടപടി

post

പാലക്കാട്-കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന ഭൂമിയുടെയും നിർമിതികളുടെയും വിലയും പുനരധിവാസ പാക്കേജും ഒരു മാസത്തിനകം നൽകുമെന്ന് മലപ്പുറം ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ അറിയിച്ചു. ഗ്രീൻ ഫീൽഡ് ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി കളക്ടർ ചർച്ച നടത്തി.

ഹൈവേ നിർമാണത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില ജൂൺ 30നകം തീരുമാനിക്കും. ഭൂമി വിട്ടുനൽകുന്ന ഓരോ വ്യക്തികൾക്കും നൽകേണ്ട നഷ്ടപരിഹാരം നിർണയിച്ച് ജൂലൈ 30നകം വ്യക്തികളെ അറിയിക്കും. സ്ഥലം വിട്ടുനൽകിയവർ സെപ്തംബർ 30 നകം ഒഴിയണം. സ്ഥലം ഒഴിഞ്ഞ് പരമാവധി ഒരാഴ്ചക്കകം നഷ്ടപരിഹാരത്തുക നൽകും.

വാഴയൂർ, വാഴക്കാട്, ചീക്കോട്, അരീക്കോട്, മുതുവല്ലൂർ, കാവനൂർ, പെരകമണ്ണ, കാരക്കുന്ന്, എളങ്കൂർ, പോരൂർ, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, തുവ്വൂർ, എടപ്പറ്റ, കരുവാരകുണ്ട് വില്ലേജുകളിലൂടെ കടന്നുപോകുന്ന പാതയിൽ 1,127 കെട്ടിടങ്ങളാണ് ഏറ്റെടുക്കുക. ഇതിൽ 713 കെട്ടിടങ്ങൾ പൂർണമായും 414 കെട്ടിടങ്ങൾ ഭാഗികമായും ഏറ്റെടുക്കും. ഇതിൽ 1,093 എണ്ണം താമസ കെട്ടിടങ്ങളും 34 എണ്ണം വാണിജ്യ കെട്ടിടങ്ങളുമാണ്. 22 ആരാധനാലയങ്ങളും ഏറ്റെടുക്കും.