ജില്ലയില്‍ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകള്‍ ഒന്നിച്ചു കൂടരുത്

post

കൊറോണയുടെ പശ്ചാത്തലത്തില്‍  കര്‍ശന നിര്‍ദ്ദേശങ്ങളുമായി ജില്ലാഭരണകൂടം

ആലപ്പുഴ : ജില്ലയിലെ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകള്‍ ഒന്നിച്ചു കൂടാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ എം അഞ്ജന ഉത്തരവിട്ടു. അടിയന്തിര ആവശ്യങ്ങള്‍ക്ക് മാത്രം ഒരു വീട്ടില്‍നിന്ന് ഒരാള്‍ എന്ന നിലയില്‍ മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.  കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രോഗവ്യാപനം തടയുന്നതിനായി ജില്ലാ ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ നിര്‍ദ്ദേശങ്ങള്‍.

പാല്‍, പഴം, പലവ്യഞ്ജനം തുടങ്ങി അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയൊഴികെ ഒരു വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും മാര്‍ച്ച് 31 വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല. തുറക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് 5 മണിവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ആവശ്യസാധനങ്ങളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്.  അതിനാല്‍ സാധനങ്ങള്‍  വാങ്ങിക്കൂട്ടാന്‍ ആരും ശ്രമിക്കരുതെന്നും ജില്ലാ കലക്ടറുടെ ഉത്തരവില്‍ പറയുന്നു.

വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിവന്നവര്‍ നിര്‍ബന്ധമായും ആരോഗ്യവകുപ്പില്‍ വിവരം അറിയിക്കണം. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ യാതൊരു കാരണവശാലും താമസിക്കുന്ന മുറി വിട്ട് പുറത്തിറങ്ങരുത്. ദുരന്തനിവാരണ നിയമപ്രകാരവും കൊറോണയുടെ പശ്ചാത്തലത്തിലുള്ള മാര്‍ച്ച് 21 ലെ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും പൊതുജനാരോഗ്യ നിയമ പ്രകാരവുമാണ് ജില്ലാ കലക്ടര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും പൊതുജനാരോഗ്യ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.