വയനാട്ടിൽ 70 ആയുഷ് യോഗ ക്ലബുകള്‍ തുടങ്ങുന്നു

post

* ജില്ലയില്‍ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി

വയനാട് ജില്ലയിൽ അന്താരാഷ്ട്ര യോഗ ദിനാചരണവും ആയുഷ് യോഗ ക്ലബുകളുടെ ഉദ്ഘാടനവും നടന്നു. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി കല്‍പ്പറ്റ നഗസരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന്റെ സഹകരണത്തോടെ ഭാരതീയ ചികിത്സാ വകുപ്പിലും ഹോമിയോപ്പതി വകുപ്പിലുമായി 35 ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററുകളിലൂടെ 70 ആയുഷ് യോഗ ക്ലബുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആരംഭിക്കും.

സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ ആയുഷ് മിഷന്റെ സഹകരണത്തോടെ 1000 ആയുഷ് യോഗാ ക്ലബ്ബുകളാണ് സംസ്ഥാനത്തുടനീളം ആരംഭിക്കുന്നത്. ആയുഷ് ചികിത്സാരീതികളുടെ നേതൃത്വത്തില്‍ ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി, യോഗ, നാച്ചുറോപ്പതി എന്നീ ചികിത്സകളെ ആസ്പദമാക്കി ബോധവല്‍ക്കരണ സെമിനാറുകള്‍, പ്രതിരോധ ക്യാമ്പുകള്‍, യോഗാ പരിശീലന പദ്ധതികള്‍ എന്നിവയാണ് ക്ലബുകളിലൂടെ നടത്തുക. ചടങ്ങില്‍ ആയുഷ് ക്ലബ് ലോഗോ പ്രകാശനം ചെയ്തു. യോഗ ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പങ്കെടുത്തു.