ഹോപ്പ് ലേണിങ് സെന്റര്‍ ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്തു

post

തൃശ്ശൂര്‍: എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളില്‍ പകുതിയില്‍ പഠിപ്പുനിര്‍ത്തിയതും പത്താം ക്ലാസ്സ് പരാജയപ്പെട്ടതുമായ കുട്ടികളെ പഠിപ്പിച്ച് ഉന്നത പഠനത്തിന് യോഗ്യരാക്കുന്നതിനുളള തൃശൂര്‍ റൂറല്‍ പോലീസിന്റെ ഹോപ്പ് പദ്ധതിയുടെ ലേണിങ് സെന്റര്‍ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലുളള വനിതാ പോലീസ് സ്റ്റേഷന്റെ ഒന്നാം നിലയിലുളള ഹോപ്പ് ലേണിങ് സെന്റര്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി കെ പി വിജയകുമാരന്‍ ഉദ്ഘാടനം ചെയ്തു. എഡിഎം റെജി പി ജോസഫ് മുഖ്യാതിഥിയായി. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം കെ ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. 

ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ വി അംബിക, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസ് ഒആര്‍സി പ്രൊജക്ട് അസിസ്റ്റ് ടി വി ബീന, വനിത പോലീസ് സ്റ്റേഷന്‍ എസ്‌ഐ, കാട്ടൂര്‍ പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ് ഓഫീസര്‍ മണി എന്നിവര്‍ സംസാരിച്ചു. 35 കുട്ടികളും രക്ഷിതാക്കളും ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരും ഇരിങ്ങാലക്കുട ജനമൈത്രി ജാഗ്രതാ സമിതിയിലെ മെമ്പര്‍മാരും പങ്കെടുത്തു.