ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ നാട്ടുകല്ലില്‍ ഹൈടെക് പഠനമുറി ഒരുങ്ങി
സാധാരണക്കാരുടെ മക്കള്‍ക്കും മികച്ച വിദ്യാഭ്യാസം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
പാലക്കാട്ടെ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ നാട്ടുകല്ലില്‍ ഹൈടെക് പഠനമുറി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ചതാണ് നാട്ടുകല്‍ ഹൈടെക് പഠനമുറി. 10 ലക്ഷം രൂപ ചിലവില്‍ ബ്ലോക്കിലെ ഏഴു ഗ്രാമപഞ്ചായത്തുകളില്‍ ഓരോ ഹൈടെക് പഠനമുറി നിര്‍മ്മിക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതാണ് നാട്ടുകല്ലിലെ പഠനമുറി.
സാധാരണക്കാരുടെ മക്കള്‍ക്കും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ചിറ്റൂരിലെ 262 അങ്കണവാടികളിലും സോളാര്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. മുഴുവന്‍ അങ്കണവാടികളിലും സോളാര്‍ പദ്ധതി പ്രയോജനപ്പെടുത്തുന്ന സംസ്ഥാനത്തെ ആദ്യമണ്ഡലമാണ് ചിറ്റൂര്‍. 2110 കോടി രൂപയുടെ വികസന പദ്ധതികളാണ് ചിറ്റൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയിരിക്കുന്നത്. കൊഴിഞ്ഞാമ്പാറയില്‍ മാത്രം 430 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കി. തദ്ദേശസ്ഥാപന പ്രതിനിധികള്‍ ജനങ്ങളെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഇ- സേവന പദ്ധതികള്‍ പരിചയപ്പെടുത്തണമെന്നും പറഞ്ഞു. ചടങ്ങിൽ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. വി. മുരുകദാസ് അധ്യക്ഷനായി.