പകര്‍ച്ചപ്പനി: ശുചിത്വ ഡ്രൈവിനൊരുങ്ങി ഇടുക്കി ജില്ല
*ഞായറാഴ്ച വീടുകളില്‍ ഡ്രൈഡേ ആചരിക്കും
സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ സ്‌കൂളുകളിലും ഓഫീസുകളിലും വീടുകളിലും ഡ്രൈഡേ ആചരിക്കാനും മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും തീരുമാനം. പകര്‍ച്ചവ്യാധികള്‍, പനി തുടങ്ങിയ കാര്യങ്ങളില്‍ പാലിക്കേണ്ട ജാഗ്രത നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത വകുപ്പ് മേധാവികളുടെയും തദ്ദേശസ്ഥാപന പ്രതിനിധികളുടെയും ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.
ഇന്‍ഫ്‌ളുവന്‍സ, ഡെങ്കിപ്പനി, എലിപ്പനി എന്നിവയാണ് വ്യാപകമായി കണ്ടുവരുന്നത്. ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും വരുന്ന മൂന്ന് ദിവസത്തിനുള്ളല്‍ വിദ്യാഭ്യാസവകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍, ആരോഗ്യവകുപ്പ് എന്നിവ സഹകരിച്ച് ക്ലീന്‍ ഡ്രൈവ് നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് നിര്‍ദേശിച്ചു.
വിദ്യാലയങ്ങളുടെ പരിസരത്ത് കൊതുകിന്റെ ഉറവിടങ്ങളില്ല എന്ന് ഉറപ്പ് വരുത്തണം. ഇതിനായി എല്ലാ വെള്ളിയാഴ്ചയും സ്‌കൂളുകളില്‍ ഡ്രൈഡേ ആചരിക്കണം. കുട്ടികള്‍ അവരുടെ വീട്ടില്‍ എല്ലാ ഞായറാഴ്ചയും ഡ്രൈഡേ നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. സ്‌കൂള്‍ കോമ്പൗണ്ടില്‍ കൊതുക് മുട്ടയിട്ടു വളരാതിരിക്കാന്‍ വെള്ളക്കെട്ട് ഒഴിവാക്കണം. സ്‌കൂളുകളിലെ അടുക്കള, സ്റ്റോര്‍ എന്നിവിടങ്ങളില്‍ എലിശല്യം ഇല്ല എന്ന് ഉറപ്പുവരുത്തണം. പാചക്കാര്‍ക്ക് ആരോഗ്യ പരിശോധന നടത്തി രോഗങ്ങളില്ല എന്ന് ഉറപ്പാക്കണം. കിളികളും വവ്വാലുകളും കഴിച്ച പഴങ്ങളുടെ ബാക്കി കുട്ടികള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
അസുഖമുള്ള കുട്ടികള്‍ക്ക് ക്ലാസില്‍ നിന്ന് നിര്‍ബന്ധമായും അവധി കൊടുക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡെ. ഡയറക്ടറോട് കളക്ടര്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ക്ക് പനിയുണ്ടെങ്കില്‍ 3 മുതല്‍ 5 ദിവസം സ്‌കൂളില്‍ അയയ്ക്കരുത്. നിര്‍ബന്ധമായും ചികിത്സ തേടണമെന്ന് രക്ഷിതാക്കളെ അറിയിക്കണം. രോഗവിവരം സ്‌കൂളില്‍ നിന്നും അന്വേഷിക്കണം. അസാധാരണമായി എന്തെങ്കിലും അസുഖങ്ങള്‍ കണ്ടാല്‍ ഉടന്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പ്രദേശത്തെ മെഡിക്കല്‍ ഓഫീസറെ അറിയിക്കണം.
പകര്‍ച്ചവ്യാധി ബാധിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ ക്ലാസ് ടീച്ചര്‍ ശേഖരിച്ച് സമ്പൂര്‍ണ്ണ ലോഗിനില്‍ കുട്ടികളുടെ ആരോഗ്യസ്ഥിതി എന്ന ബട്ടണ്‍ ക്ലിക് ചെയ്ത് വിവരങ്ങള്‍ നല്‍കണം. സ്‌കൂളിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പുവരുത്തുന്നതിന് ആവശ്യമെങ്കില്‍ പി.ഡബ്ല്യു.ഡി, എല്‍.എസ്.ജി.ഡി, സന്നദ്ധസേന എന്നിവരുടെ സേവനം ആവശ്യപ്പെടാം. ചെറിയ രോഗലക്ഷണം കണ്ടാല്‍ പോലും കുട്ടികളെ നിര്‍ബന്ധമായും മാസ്‌ക് ധരിപ്പിക്കണം.
ഒരു ക്ലാസില്‍ കൂടുതല്‍ കുട്ടികള്‍ക്ക് പനിയുണ്ടെങ്കില്‍ ക്ലാസ് ടീച്ചര്‍ പ്രഥമാധ്യാപകരെ അറിയിക്കുകയും അവര്‍ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറെ അറിയിക്കുകയും ചെയ്യണം. പകര്‍ച്ചവ്യാധി വ്യാപകമാകുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ട പിന്തുണ അധ്യാപകര്‍ ഉറപ്പാക്കണം.
വിദ്യാലയങ്ങളിലെ കുടിവെള്ളം പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. എല്ലാ വിദ്യാലയങ്ങളിലും തിളപ്പിച്ചാറിയ സുരക്ഷിതമായ കുടിവെള്ളമാണ് കുട്ടികള്‍ക്ക് നല്‍കേണ്ടത്. കുടിവെള്ള ടാങ്കുകള്‍ കഴുകി വൃത്തിയാക്കണം. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകള്‍ ശുദ്ധജലത്തിലും മുട്ടയിട്ടു പെരുകുന്നതിനാല്‍ കുട്ടികളുടെ വീടുകളിലും സ്‌കൂളിലെ വിവിധ ഇടങ്ങളിലും അതിനുള്ള സാഹചര്യം ഇല്ലാതാക്കുവാന്‍ ബോധവല്‍ക്കരണം നല്‍കണം.
എല്ലാ സ്‌കൂളിലും ഒരു അധ്യാപികയോ അധ്യാപകനോ പകര്‍ച്ചവ്യാധി നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കണം. തദ്ദേശ സ്വയംഭരണ തലത്തില്‍ ഇത് സംബന്ധിച്ച് യോഗങ്ങള്‍ നടക്കുമ്പോള്‍ നോഡല്‍ ഓഫര്‍ പങ്കെടുത്ത് സ്‌കൂള്‍തല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. ഉപജില്ലാ തലത്തില്‍ അതാത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും വിദ്യാഭ്യാസ ജില്ലാതലത്തില്‍ അതാത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും ജില്ലാതലത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരും നോഡല്‍ ഓഫീസര്‍മാരായിരിക്കും. പനിപടരുന്ന സാഹചര്യത്തില്‍ ശരിയായ ചികിത്സ തക്കതായ സമയത്ത് നല്‍കുന്നതിന് പി.റ്റി.എ ഗ്രൂപ്പുകളില്‍ ആവശ്യമായ സന്ദേശങ്ങള്‍ നല്‍കണം.
പകര്‍ച്ചവ്യാധി പിടിപെടുന്ന കുട്ടികള്‍, ജീവനക്കാര്‍, അധ്യാപകര്‍ എന്നിവരുടെ വിശദവിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് ഓരോ സ്‌കൂളിലും ഒരു ഡാറ്റാ ബുക്ക് സൂക്ഷിക്കണം. മഴക്കാലം കഴിയുന്നതു വരെ സ്‌കൂള്‍ കാമ്പസ് നിരന്തരമായി ശുചീകരണം നടത്തുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം. ഡ്രൈഡേ ആചരണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ എസ്.പി.സി. എന്‍.സി.സി, എന്‍.എസ്.എസ്, സോഷ്യല്‍ സര്‍വ്വീസ് സ്‌കീം, സ്‌കൗട്ട് ആന്റ് ഗൈഡ്, ജെ.ആര്‍.സി തുടങ്ങിയവയെ പങ്കാളികളാക്കണം. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഡെങ്കി അടക്കമുള്ള പനികള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വാര്‍ഡ് തലത്തിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
പകര്‍ച്ചപ്പനി പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
• തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂ.
• കെട്ടിക്കിടക്കുന്ന വെള്ളത്തിലും ചെളിയിലും ഇറങ്ങരുത്.
• കൈകാലുകളില്‍ മുറിവുണ്ടെങ്കില്‍ ചെളി, കെട്ടിക്കിടക്കുന്നവെള്ളം എന്നിവയുമായി സമ്പര്‍ക്കം അരുത്.
• ഇന്‍ഫ്ളുവന്‍സ രോഗം പകരാതിരിക്കാന്‍ മാസ്‌ക് ധരിക്കണം.
• വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുക.
• ചെടിച്ചട്ടികള്‍, അവക്കടിയിലെ ട്രേ, ഫ്രിഡ്ജിനടിയിലെ ട്രേ എന്നിവിടങ്ങളില്‍ കൂത്താടി വളരുന്ന സാഹചര്യം ഒഴിവാക്കുക.
• കിളികളും, വവ്വാലുകളും കഴിച്ചതിന്റെ ബാക്കി പഴങ്ങള്‍ കഴിക്കരുത്.
• വൃത്തിയായി കഴുകിയ ശേഷം മാത്രം പഴവര്‍ഗങ്ങള്‍ കഴിക്കുക.
• പനി ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ അടുത്ത് പോയി ചികിത്സിക്കണം.