നിരത്തിലിറങ്ങി ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍

post

പത്തനംതിട്ട : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിരത്തിലിറങ്ങി ജില്ലാ കളക്ടര്‍ പി.ബി നൂഹും, തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയലും. പത്തനംതിട്ട ബസ് സ്റ്റാന്‍ഡ്, അടൂര്‍ ടൗണ്‍, പന്തളം ടൗണ്‍ എന്നി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച കളക്ടര്‍ പൊതുജനങ്ങളോട് പരമാവധി വീട്ടില്‍ കഴിയണമെന്നും എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും മഹാമാരിയെ തോല്‍പ്പിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. 

പത്തനംതിട്ടയില്‍ പോലീസ് നടത്തിയ റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്ത കളക്ടര്‍ പോലീസിന് വേണ്ട നിര്‍ദേശങ്ങളും നല്‍കി. അടൂര്‍ ഡിവൈ.എസ്.പി: ജവഹര്‍ ജനാര്‍ഡ്, പത്തനംതിട്ട ഡിവൈ.എസ്.പി: കെ.സജീവ് എന്നിവരോട് അടിയന്തര അവശ്യ സാധനങ്ങള്‍ നല്‍കുന്ന കടകള്‍ മാത്രം പ്രവര്‍ത്തിപ്പിക്കുക മറ്റുള്ളവ തുറക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക, സ്വകാര്യ വാഹനങ്ങളില്‍ വരുന്നവരില്‍ ഡ്രൈവര്‍ കൂടാതെ ഒരാള്‍ മാത്രമേ ഉള്ളു എന്ന് ഉറപ്പു വരുത്തുക, ആളുകള്‍ കൂട്ടം കൂടുന്നില്ലെന്ന് ഉറപ്പു വരുത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കി. തിരുവല്ല, കോഴഞ്ചേരി എന്നിവിടങ്ങളില്‍ സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍ എത്തി ജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി.