ആറളം ഫാമിൽ ആന മതിൽ നിർമിക്കുന്നു; 53. 23 കോടിയുടെ ഭരണാനുമതി
ആറളം ഫാം സ്വയംപര്യാപ്തമാവണം: മന്ത്രി കെ. രാധാകൃഷ്ണൻ
കണ്ണൂർ ജില്ലയിലെ ആറളം ഫാമിൽ ആന മതിൽ നിർമിക്കുന്നു. ആന മതിൽ നിർമ്മിക്കുന്നതിന് 53. 23 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ടെണ്ടർ നടപടികളും പൂർത്തിയാക്കി. കരാറുകാരൻ എഗ്രിമെൻ്റ് ഒപ്പ് വെയ്ക്കുന്ന മുറയ്ക്ക് പതിനഞ്ച് ദിവസത്തിനകം പണി ആരംഭിക്കും. മതിൽ നിർമ്മാണത്തിന് മുന്നോടിയായുള്ള മരംമുറിക്കൽ നടപടികളും ഉടൻ പൂർത്തിയാക്കും. നാനൂറോളം മരങ്ങളാണ് മുറിച്ച് മാറ്റാനുള്ളത്.
ആന മതിൽ നിർമാണത്തിൻ്റെയും മറ്റ് വിവിധ വിഷയങ്ങളും സംബന്ധിച്ച് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ ദേവസ്വം പാർലിമെൻ്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനും ഉദ്യോഗസ്ഥരും തൊഴിലാളി യൂണിയൻ നേതാക്കളും തൊഴിലാളികളുമായി ചേർന്ന് ചർച്ച നടത്തി.
ആറളം ഫാമിനെ സ്വയംപര്യാപ്തയിലെത്തിക്കുകയാണ് സർക്കാറിൻ്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
നബാർഡിൻ്റെ ധനസഹായത്തോടെ ആറളം ഫാമിൽ നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവൃത്തികൾ ആഗസ്റ്റോടെ പൂർത്തീകരിക്കുമെന്ന് കിറ്റ്കോ പ്രതിനിധി അറിയിച്ചു. 22 കെട്ടിടങ്ങൾ, രണ്ട് പാലങ്ങൾ, മൂന്ന് റോഡുകൾ, വേലി എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്.ഇതിൽ റോഡുകൾ പൂർത്തിയായി. പാലങ്ങളുടെയും കെട്ടിടങ്ങളുടെയും മിനുക്ക് പണികൾ മാത്രമാണ് തീരാനുള്ളത്. ഇത് ഒരു മാസത്തിനകം പൂർത്തിയാക്കും.
ആറളം ഫാമിൻ്റെ ഭരണ നിർവഹണം കാര്യക്ഷമമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സ്ഥിരം എം.ഡിയെ നിയമിക്കണമെന്നും തൊഴിലാളി യൂണിയൻ പ്രതിനിധികൾ പറഞ്ഞു. ഫാം ജീവനക്കാർക്കുള്ള 8 മാസത്തെ ശമ്പള കുടിശ്ശിക, 22 മാസത്തെ ഗ്രാറ്റുവിറ്റി കുടിശ്ശിക, മറ്റ് സാമ്പത്തിക ബാധ്യതകൾ, കരാർത്തൊഴിലാളി വേതന കുടിശ്ശിക തുടങ്ങിയ വിഷയങ്ങളും പ്രതിനിധികൾ മന്ത്രിയെ ധരിപ്പിച്ചു. പ്രശ്നങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.
ഫാമിനുള്ളിൽ എട്ട് പ്ലോട്ടുകളിലായി 45 ഏക്കറോളം ഫോറസ്റ്റ് ഭൂമിയുണ്ടെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ മന്ത്രിയുടെ ചോദ്യത്തിനുത്തരമായി അറിയിച്ചു. ഫാമിനുള്ളിലെ ഫോറസ്റ്റ് ഭൂമി ഫാമിന് കൈമാറാനും പകരം റിസർവ് ഫോറസ്റ്റിനോട് ചേർന്ന തുല്യ വിസ്തീർണ്ണം ഫാമിൻ്റെ ഭൂമി ഫോറസ്റ്റിന് വിട്ടുനൽകാനുമുള്ള മുൻപത്തെ ഉന്നതതല യോഗ തീരുമാനം നടപ്പാക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ മന്ത്രി നിർദ്ദേശിച്ചു. ഫാമിലെ കശുവണ്ടി കരാർത്തൊഴിലാളികളുമായും മന്ത്രി ആശയവിനിമയം നടത്തി.തുടർന്ന് ആന മതിൽ നിർമ്മാണം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന വാളത്തോട് പ്രദേശവും മന്ത്രി സന്ദർശിച്ചു.