ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഊരുകളിലൂടെ നമ്മ്ത്ത് ഉസ്റ്-നമ്മുടെ ജീവന്‍ ഉദ്ഘാടനം ചെയ്തു
പാലക്കാട് ജില്ലയിലെ വാളയാര്‍ നടുപ്പതി ഊരില്‍ നടന്ന കുടുംബശ്രീയുടെ ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഊരുകളിലൂടെ നമ്മ്ത്ത് ഉസ്റ്-നമ്മുടെ ജീവന്‍ ജില്ലാതല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിർവഹിച്ചു. ലഹരിയോടുള്ള ആസക്തി ജീവിത നിലവാരത്തെ ബാധിക്കുമെന്ന് മന്ത്രി പറഞ്ഞു. യുവാക്കളുടെ ഊര്‍ജ്ജം ശരിയായ ദിശയില്‍ വിനിയോഗിക്കാനും അവരില്‍ കഠിനാധ്വാന ശീലം വളര്‍ത്താനും സര്‍ക്കാരും സമൂഹവും ഒരുമിച്ച് ശ്രമിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
എക്സൈസ് വകുപ്പുമായി സഹകരിച്ച് വിവിധ ബോധവത്കരണ ക്ലാസുകള്‍, സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍, ലഹരി വിരുദ്ധ ഹ്രസ്വ ചിത്ര പ്രദര്‍ശനം തുടങ്ങിയവ ക്യാമ്പയിന്റെ ഭാഗമായി സംഘടപ്പിക്കുന്നുണ്ട്. സ്നേഹിതാ ജന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിന്റെ സേവനങ്ങളെ കുറിച്ചുള്ള അവതരണം നടത്തി. ലഹരിമുക്തി പ്രതീകമായി മന്ത്രിയും എം.എല്‍.എയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന് ബലൂണുകള്‍ പറത്തി. തുടര്‍ന്ന് ഊര് മൂപ്പന്മാരെയും ഉന്നതവിജയം നേടിയ ഊരിലെ വിദ്യാര്‍ത്ഥികളെയും ആദരിച്ചു.
പരിപാടിയില്‍ എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനായി. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് മുഖ്യാതിഥിയായി. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസീത, വൈസ് പ്രസിഡന്റ് കെ. അജീഷ്, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി. സുജിത്, വാര്‍ഡംഗം ആല്‍ബര്‍ട്ട് ആന്റണി, സിവില്‍ എക്സൈസ് ഓഫീസര്‍ അബ്ദുല്‍ ബാസിത്, വിമുക്തി മാനേജര്‍ അസി.എക്സൈസ് കമ്മീഷണര്‍ ഇന്‍ ചാര്‍ജ് പി.കെ സതീഷ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ്, സി.ഡി.എസ് ചെയര്‍പെഴ്സണ്‍ എം. സുശീല, സ്നേഹിതാ കൗണ്‍സിലര്‍ വി. അനുഷ എന്നിവര്‍ പങ്കെടുത്തു.