കോട്ടയത്തെ സ്കൂളുകളിൽ ലാപ്ടോപ്പ് വിതരണം ഇൻസിനേറ്റർ സ്ഥാപിക്കൽ തുടങ്ങിയ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
ക്ലാസ് സമയത്ത് വിദ്യാർഥികളെ മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കരുത്: മന്ത്രി വി. ശിവൻകുട്ടി
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർക്കാർ വിദ്യാലയങ്ങളിൽ ഫർണിച്ചർ വിതരണം, സർക്കാർ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ ലാപ് ടോപ്പ് വിതരണം, സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ ഇൻസിനേറ്റർ സ്ഥാപിക്കൽ എന്നീ പദ്ധതികളുടെ ഉദ്ഘാടനം വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. സ്‌കൂളുകളിൽ ക്ലാസ് നടക്കുന്ന സമയത്ത് വിദ്യാർഥികളെ മറ്റു പരിപാടികളിലോ പുറത്തുള്ള പരിപാടികളിലോ പങ്കെടുപ്പിക്കരുതെന്നും നിർദേശം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ക്ലാസ് സമയത്ത് ഒരു ഏജൻസികളെയും വിദ്യാർഥികളെ ഉൾപ്പെടുത്തി പരിപാടികൾ സംഘടിപ്പിക്കാൻ അനുവദിക്കരുത്. ഇത് സംബന്ധിച്ച് സർക്കുലർ നൽകിയിട്ടുണ്ട്. സന്നദ്ധ സംഘടനകളോ മറ്റോ സംഘടിപ്പിക്കുന്ന പരിപാടിക്ക് ക്ലാസ് സമയത്ത് വിദ്യാർഥികളെ സദസ്യരായി ഉപയോഗിക്കാൻ പാടില്ല. വിദ്യാലയ പരിസരത്ത് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റണമെന്ന് വിദ്യാലയങ്ങൾ തുറക്കുന്നതിന് മുൻപ് തന്നെ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ നിർദേശങ്ങൾ നടപ്പിലാക്കാത്ത ഇടങ്ങൾ ഇനിയുമുണ്ടെന്നാണ് കാസർഗോഡ് സംഭവം സൂചിപ്പിക്കുന്നത്.
മഴക്കാലത്ത് എല്ലാ സ്‌കൂളുകളിലും കൺട്രോൾ റൂമുകൾ തുടങ്ങണം. ഒരു അധ്യാപകനു ചുമതല കൊടുക്കണം. വിദ്യാലയങ്ങൾക്ക് ഏതെങ്കിലും സാഹചര്യങ്ങളിൽ ജില്ലാ കളക്ടർമാർ അവധി പ്രഖാപിക്കുകയാണെങ്കിൽ തലേ ദിവസം തന്നെ വിവരം അറിയിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അധ്യാപകരുടെ ഹാജർ കർശനമായി എടുക്കണമെന്നും ഇക്കാര്യത്തിൽ പ്രിൻസിപ്പൽമാരും ഹെഡ്മാസ്റ്റർമാരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സർക്കാർ സ്‌കൂളുകൾ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിലൂടെയും വിദ്യാകിരണത്തിലൂടെയും മികവിന്റെ കേന്ദ്രങ്ങളായി ഉയർന്നതായി മന്ത്രി പറഞ്ഞു.
കഴിഞ്ഞ അധ്യയനവർഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള 52 സർക്കാർ വിദ്യാലയങ്ങളെയും ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടിയ അഞ്ച് സർക്കാർ വിദ്യാലയങ്ങളെയും മൂന്ന് എയ്ഡഡ് വിദ്യാലയങ്ങളെയും വി.എച്ച്.എസ്.ഇ. പരീക്ഷയിൽ മികച്ച വിജയം നേടിയ അഞ്ച് വിദ്യാലയങ്ങളെയും മന്ത്രി ആദരിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ എസ്.എസ്.എൽ.സി. പരീക്ഷ എഴുതി കൂടുതൽ കുട്ടികൾ മുഴുവൻ എ പ്ലസ് നേടിയ സർക്കാർ വിദ്യാലയമായ തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിനെയും എയ്ഡഡ് വിദ്യാലയങ്ങളിൽ കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിനെയും ചടങ്ങിൽ ആദരിച്ചു.