വനാമി ചെമ്മീൻ കൃഷിയിൽ നൂറുമേനി വിളവെടുപ്പുമായി പാലാക്കരി ഫിഷ് ഫാം

post

വനാമി ചെമ്മീൻ കൃഷിയിൽ നൂറുമേനി വിളവെടുപ്പുമായി കോട്ടയം ജില്ലയിലെ വൈക്കം മത്സ്യഫെഡിന്റെ പാലാക്കരി ഫിഷ് ഫാം. വൈക്കം കാട്ടിക്കുന്നിൽ വേമ്പനാട് കായലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന മത്സ്യഫെഡിന്റെ പാലാക്കരി ഫിഷ് ഫാമിൽ രണ്ട് കുളങ്ങളുടെ ചിറ ബലപ്പെടുത്തിയാണ് ശാസ്ത്രീയമായി ചെമ്മീൻ കൃഷി നടത്തി വരുന്നത്. വിളവെടുപ്പ് പൂർത്തിയാവുന്നതോടെ രണ്ട് കുളങ്ങളിൽ നിന്നുമായി ആറു ടണ്ണോളം വനാമി ചെമ്മീൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മത്സ്യഫെഡിന്റെ ഫാമുകളിൽ ഇതാദ്യമായാണ് കുറഞ്ഞ ലവണാംശത്തിലും വനാമി ചെമ്മീൻ കൃഷി വിജയകരമായി പൂർത്തികരിക്കുന്നത്. ശാസ്ത്രീയ മത്സ്യ കൃഷിക്കായി പ്രത്യേകം തയ്യാറാക്കിയ മറ്റ് കുളങ്ങളിൽ പൂമീൻ കൃഷി, ഗിഫ്റ്റ് തിലോപ്പിയ, കരിമീൻ എന്നിവയും പെൻ കൾച്ചറിൽ കളാഞ്ചി മത്സ്യ കൃഷിയും പുരോഗമിക്കുകയാണ്. ശാസ്ത്രീയമായ മത്സ്യ, ചെമ്മീൻ കൃഷിയിലൂടെ മത്സ്യോത്പാദനം വർധിപ്പിക്കാനും ജലവിനോദ സഞ്ചാരത്തിന് ടൂറിസ്റ്റുകളെ ആകർഷിക്കുന്ന രീതിയിൽ പുതിയ പദ്ധതികൾ നടപ്പാക്കാനുമാണ് മത്സ്യഫെഡിന്റെ തീരുമാനം.

ഫാമിൽ നടന്ന ചെമ്മീൻ കൃഷിയുടെ വിളവെടുപ്പ് മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ ഉദ്ഘാടനം ചെയ്തു. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യാ സുകുമാരൻ അധ്യക്ഷത വഹിച്ചു.