തൃത്താലയുടെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം
96.32 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കമാകുന്നു
പാലക്കാട് ജില്ലയിലെ തൃത്താലയില്‍ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ 96.32 കോടിയുടെ പദ്ധതികള്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നതായി തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. തൃത്താല, തിരുമിറ്റക്കോട്, ചാലിശേരി, നാഗലശേരി പഞ്ചായത്തുകളിലെ 16,142 വീടുകളിലേക്ക് ഇതിലൂടെ കുടിവെള്ളമെത്തിക്കാനാകും.
ജലജീവന്‍ മിഷന്റെ ഭാഗമായുള്ള പ്രവൃത്തികളാണ് നടപ്പാക്കുന്നത്. തൃത്താല മുടവന്നൂര്‍ ജലശുദ്ധീകരണ പ്ലാന്റിന് 19.46 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. 33 ദശലക്ഷം ലിറ്റര്‍ ജലം പ്രതിദിനം കൈകാര്യം ചെയ്യാനാകുന്ന പ്ലാന്റാണ് ഒരുങ്ങുന്നത്. പുഴയിലെ കിണര്‍, റോ വാട്ടര്‍ പമ്പിങ് മെയിന്‍, ലീഡിങ് ചാനല്‍ എന്നിവ ഒരുക്കാനായി 18.67 കോടി രൂപയുടെ പ്രവൃത്തിയുമുണ്ട്.
ശുദ്ധീകരിച്ച ജലം കൂറ്റനാട്ടിലെ ടാങ്കിലേക്ക് എത്തിക്കാന്‍ ആറ് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പൈപ്പ് ലൈനും സ്ഥാപിക്കും. 12.19 കോടി രൂപ ചെലവിലാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുക. നാല് പഞ്ചായത്തുകളിലെ 16,142 വീടുകളിലേക്ക് ജലവിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ 42.5 കോടി രൂപയാണ് ചെലവ്. ഈ പദ്ധതികളുുടെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
തൃത്താല, തിരുമിറ്റക്കോട് പഞ്ചായത്തുകളില്‍ 10 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള രണ്ട് ടാങ്കുകള്‍ നിര്‍മ്മിക്കും. 3.5 കോടിയാണ് പദ്ധതിച്ചെലവ്. പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞു.
തൃത്താലയുടെ ദീര്‍ഘകാലത്തെ പ്രശ്‌നമായ കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള നിരന്തര ഇടപെടലാണ് നടത്തുന്നതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പട്ടിത്തറ, ആനക്കര, കപ്പൂര്‍ പഞ്ചായത്തുകളില്‍ 83.32 കോടിയുടെ കുടിവെള്ള പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണ്. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് 254.24 കോടിയുടെ പദ്ധതികളാണ് ജലവിതരണ മേഖലയില്‍ തൃത്താല മണ്ഡലത്തില്‍ അനുവദിച്ച് പ്രവൃത്തി പുരോഗമിക്കുന്നത്. ഇതുവഴി മണ്ഡലത്തിലെ 48,686 കുടുംബങ്ങളില്‍ കുടിവെള്ളമെത്തുമെന്നും മന്ത്രി വ്യക്തമാക്കി.