തൊഴിലാളികള്‍ക്ക് സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പുവരുത്തണം

post

കര്‍ശന നിര്‍ദ്ദേശങ്ങളുമായി തൊഴില്‍ വകുപ്പ്

കാസര്‍കോട് : കോവിഡ് 19 തടയുന്നതിന് സര്‍ക്കാര്‍  നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍  അടിയന്തര സാഹചര്യം പരിഗണിച്ച് തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കുമായി തൊഴില്‍ വകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. അര്‍ഹമായ എല്ലാ അവധികളും സ്പെഷ്യല്‍ ലീവുകളും തൊഴിലാളികള്‍ക്ക് അനുവദിക്കണമെന്നും വേതനത്തില്‍ കുറവുവരുത്താനോ ജോലിക്ക് ഹാജരാകുവാന്‍ നിര്‍ബന്ധിക്കാനോ പാടില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. ജോലിയില്‍ യാതൊരുവിധ ടാര്‍ജറ്റുകളും ഏര്‍പ്പെടുത്തുവാനോ, പാലിക്കുന്നതിന് തൊഴിലാളികളെ നിര്‍ബന്ധിക്കുവാനോ പാടില്ല.   സംസ്ഥാനത്തെ പൊതു/സ്വകാര്യമേഖലയിലെയും നിര്‍മ്മാണ മേഖല, തോട്ടം മേഖല, കശുവണ്ടി, മത്സ്യ സംസ്‌ക്കരണം, കയര്‍  എന്നിവിടങ്ങളിലെയും സ്ഥാപനങ്ങളുടെ ഉടമകളും ഫാക്ടറി ഉടമകളും തൊഴിലാളികളും നിര്‍ദ്ദേശങ്ങള്‍ക്കു കൃത്യമായി പാലിക്കേണം. 

സാധ്യമായ ജീവനക്കാര്‍ക്കെല്ലാം വീടുകളില്‍ നിന്ന് ജോലിചെയ്യുവാന്‍ (വര്‍ക്ക് ഫ്രം ഹോം) ആവശ്യമായ സൗകര്യം തൊഴിലുടമകള്‍ ഏര്‍പ്പെടുത്തേണ്ടതുമാണ്. ഇന്‍ ഫോപാര്‍ക്ക് ടെക്നോപാര്‍ക്ക് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഐ.റ്റി സ്ഥാപനങ്ങളും സ്റ്റാര്‍ട്ടപ് കമ്പനികളും സെയില്‍സ് പ്രൊമോഷന്‍ തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചിട്ടുള്ള സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' സൗകര്യമൊരുക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.

 മണി എക്സ്ചേഞ്ച് യൂണിറ്റുകള്‍ കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളോടെ മാത്രമേ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ. സ്ഥാപനങ്ങളുടെ പ്രവേശന കവാടങ്ങളില്‍ സോപ്പ്, ഹാന്റ് വാഷ് തുടങ്ങിയവയും വെള്ളവും കൈകഴുകുവാനുള്ള സൗകര്യവും ഏര്‍പ്പെടുത്തണം. തൊഴിലുടമകള്‍  ജീവനക്കാര്‍ക്കെല്ലാം മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ സൗകര്യങ്ങള്‍ നല്‍കണം.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കാലയളവില്‍ യാതൊരു തരത്തിലുള്ള ലേ-ഓഫ്, ലോക്ക്-ഔട്ട്, റിട്രഞ്ച്മെന്റ്, ടെര്‍മിനേഷന്‍ തുടങ്ങിയ നടപടികള്‍  സ്വീകരിക്കാന്‍ പാടുള്ളതല്ല.  കാഷ്വല്‍, ടെമ്പററി, ബദ്ലി, കോണ്‍ട്രാക്റ്റ്, ട്രെയിനി, ദിവസ വേതനം അടിസ്ഥാനത്തില്‍ നിയമിച്ചിട്ടുള്ള ജീവനക്കാര്‍ എന്നിവരെ പിരിച്ചുവിടാനോ വേതനത്തില്‍ കുറവുവരുത്താനോ പാടില്ല. ഇക്കാര്യത്തില്‍ തൊഴിലുടമ, കോണ്‍ട്രാക്ടര്‍ എന്നിവരുമായി ബന്ധപ്പെട്ട് ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കും.

വേതനത്തില്‍ കുറവുവരുത്തുന്നതുപോലെയുള്ള നടപടികള്‍ ജീവനക്കാരുടെ മനോവീര്യത്തെ ബാധിക്കുകയും അത് പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തെ ബാധിക്കുകയും ചെയ്യുമെന്നതിനാലാണിത്. തൊഴില്‍ തര്‍ക്കങ്ങള്‍, സമരങ്ങള്‍ തുടങ്ങിയവ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. പരസ്പര സഹകരണം ഉറപ്പാക്കുകയും തൊഴിലാളികളെയും അവരുടെ കുടുംബങ്ങളേയും ഈ പ്രതിസന്ധി തരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നതിന് തൊഴിലുടമകള്‍ ശ്രദ്ധിക്കണം.

പത്തോ അതിലധികമോ തൊഴിലാളികള്‍ മാത്രമുള്ള, 1947 ലെ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്സ് നിയമത്തിലെ ചാപ്റ്റര്‍ 5എ, 5ബി വ്യവസ്ഥകള്‍ ബാധകമല്ലാത്ത ഷോപ്പ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റുകളും ലേ-ഓഫ് വ്യവസ്ഥകള്‍ ബാധകമല്ലാത്ത, 50 ല്‍ താഴെ തൊഴിലാളികള്‍ ജോലിചെയ്യുന്ന ഫാക്ടറികളും കോവിഡ്-19 ബാധ കാരണം പൂട്ടിയിടേണ്ട അവസ്ഥ ഉണ്ടാവുകയാണെങ്കില്‍ തൊഴിലുടമ മുഴുവന്‍ ശമ്പളവും ജീവനക്കാരന് അനുവദിക്കണം.

ബയോമെട്രിക് സംവിധാനം നിലവില്‍ നടപ്പിലാക്കിയിട്ടുള്ള സ്‌ക്കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഈ മാസം 31 വരെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നിര്‍ത്തിവയ്ക്കണം.

സ്ഥാപനത്തിലെ ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍, 1961 ലെ കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ചട്ടങ്ങളിലെ ചട്ടം 6(4)ഡി പ്രകാരമുള്ള നോണ്‍ ആല്‍കഹോളിക് ക്ലീനിംഗ് വൈപ്സ്, ഡിസ്പോസിബള്‍ ലാറ്റക്സ് ഗ്ലൗസ്, മാസ്‌ക് എന്നിവ ജീവനക്കാര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. 

സാധ്യമായ എല്ലാ സ്ഥലങ്ങളിലും പ്രവേശനകവാടങ്ങളിലും വാഷ്ബേസിനുകളും സോപ്പ് / ഹാന്റ് വാഷും വെള്ളവും സജ്ജീകരിച്ച് കൈകഴുകുന്ന ശീലം പരമാവധി പ്രോത്സാഹിപ്പിക്കണം.തൊഴില്‍വകുപ്പ്,  മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍, ആരോഗ്യ വകുപ്പ് , ചീഫ് പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍, ഫാക്ടറീസ് ഡയറക്ടര്‍ എന്നിവരുടെ സുരക്ഷാ നിര്‍ദ്ദേശങ്ങളും അതാത് ജില്ലാ കളക്ടര്‍മാര്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കണം.

തൊഴിലുടമകള്‍ 20.03.2020 മുതല്‍ 10.04.2020 വരെയുള്ള കാലയളവില്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചതു സംബന്ധിച്ച് വിവരങ്ങള്‍ സൂക്ഷിക്കണം. ഇത്  തൊഴില്‍ വകുപ്പ് പുറത്തിറക്കിയിട്ടുള്ള  പ്രൊഫോര്‍മയില്‍ അതാത് ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് നല്‍കണം.

അതിഥി തൊഴിലാളികള്‍ക്ക് ക്യാമ്പുകളും (താമസ സൗകര്യം) ഭക്ഷണത്തിനുള്ള ക്രമീകരണങ്ങളും തൊഴിലുടമകള്‍/കോണ്‍ട്രാക്ടര്‍മാര്‍ ലഭ്യമാക്കണം.വിവരങ്ങള്‍ തൊഴില്‍ വകുപ്പ് നല്‍കുന്ന പ്രൊഫോര്‍മയില്‍ അതാത് ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് നല്‍കണം.

തൊഴിലാളികള്‍ സര്‍ക്കാര്‍ വിവിധ വകുപ്പുകളിലൂടെ നല്‍കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് കോവിഡ്-19 നെ കുറിച്ചും വ്യാപന രീതികളെ കുറിച്ചും പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ചും രോഗബാധ ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും വ്യക്തമായി മനസ്സിലാക്കണം. നവമാധ്യമങ്ങളിലൂടെ ലഭിക്കുന്ന വ്യാജ മെസ്സേജുകള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യണം. 

ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നതിനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ശാരീരിക അകലം പാലിക്കുന്നതിനും എല്ലാ തൊഴിലാളികളും ശ്രദ്ധിക്കണം. യാത്രകള്‍ പരമാവധി ഒഴിവാക്കുക, ഏതെങ്കിലും സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലുടന്‍ സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും ആരോഗ്യവകുപ്പ് അധികൃതരുമായി ടെലിഫോണ്‍മുഖേന ബന്ധപ്പെടുകയും നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യണം. തൊഴില്‍ തര്‍ക്കങ്ങള്‍, സമരങ്ങള്‍ തുടങ്ങിയവ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയും രോഗം മൂലമുണ്ടാകുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ ഒപ്പം നിന്ന് തൊഴിലുടമയെ സഹായിക്കുകയും ചെയ്യണമെന്നും ലേബര്‍ കമ്മീഷണര്‍ സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.