മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ വന്‍ മുന്നേറ്റം; തിരുവനന്തപുരം മെഡിക്കല്‍ കോളേജും ദന്തല്‍ കോളേജും ആദ്യമായി ദേശീയ റാങ്കിങ്ങില്‍

post

തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജും തിരുവനന്തപുരം ഗവ. ദന്തല്‍ കോളേജും ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിങ്ങില്‍ സ്ഥാനം നേടി. തിരുവന്തപുരം മെഡിക്കല്‍ കോളേജ് നാല്‍പത്തിനാലാം സ്ഥാനത്തും ദന്തല്‍ കോളേജ് ഇരുപത്തിയഞ്ചാം സ്ഥാനത്തുമാണുള്ളത്. ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ദേശീയ റാങ്കിങ്ങില്‍ ഉള്‍പ്പെടുന്നത്. 

സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് വലിയ പുരോഗതിയാണുണ്ടായത്. രണ്ട് മെഡിക്കല്‍ കോളേജുകളും രണ്ട് നഴ്‌സിംഗ് കോളേജുകളും യാഥാര്‍ത്ഥ്യമാക്കി. കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കി. മെഡിക്കല്‍ കോളേജുകളില്‍ മാസ്റ്റര്‍ പ്ലാനുകള്‍ നടപ്പിലാക്കി മികവിന്റെ കേന്ദ്രങ്ങളാക്കി വരുന്നു. ഈ സര്‍ക്കാര്‍ വന്ന ശേഷം 29 സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും 9 സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും അനുമതി നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ദന്തല്‍ മേഖലയുടെ വികസനത്തിനായും വലിയ ഇടപെടലുകളാണ് നടത്തുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 50ല്‍ അധികം തവണയാണ് മന്ത്രി മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത്. അധ്യാപകരും വിദ്യാര്‍ത്ഥികളുമായി നിരവധി തവണ ഗ്യാപ് അനാലിസിസ് ചര്‍ച്ചകള്‍ നടത്തി അവ നികത്തുന്നതിനുള്ള നടപടി സ്വീകരിച്ചു. മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായി കിഫ്ബി വഴി 717 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത്. ആദ്യഘട്ടത്തിലെ റോഡും പാലവും നിര്‍മ്മാണം പൂര്‍ത്തിയാക്കി 194.32 കോടി അനുവദിച്ച് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എംഎല്‍ടി ബ്ലോക്ക്, തീയറ്റര്‍ കം സര്‍ജിക്കല്‍ വാര്‍ഡ്, എസ്.എ.ടി. പീഡിയാട്രിക് ബ്ലോക്ക് എന്നിയ്ക്കാണ് തുകയനുവദിച്ചത്. ഇമേജോളജി ബ്ലോക്ക് സ്ഥാപിക്കുന്നതിന് 44 കോടി പ്രത്യേകം അനുവദിച്ചു.

സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് എന്ന പദ്ധതിയ്ക്ക് മെഡിക്കല്‍ കോളേജില്‍ തുടക്കം കുറിച്ചിരുന്നു. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് ഉള്‍പ്പെടെ ആവിഷ്‌കരിച്ച് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് ഒപ്പം നിന്ന് പരിശ്രമിച്ച മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ എല്ലാ ടീം അംഗങ്ങള്‍ക്കും മന്ത്രി നന്ദിയറിയിച്ചു.

ട്രയാജ് സംവിധാനം ഉള്‍പ്പെടെയുള്ള കാഷ്വാലിറ്റി സജ്ജമാക്കി. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ 3 പി.ജി സീറ്റുകള്‍ക്ക് അനുമതി ലഭ്യമാക്കി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിച്ചു. സര്‍ക്കാര്‍ മേഖലയില്‍ നൂറോളജി വിഭാഗത്തിലുള്ള രാജ്യത്തെ ആദ്യത്തെ ന്യൂറോ കാത്ത്ലാബ് ഉള്‍പ്പെട്ട സമഗ്ര സ്ട്രോക്ക് സെന്റര്‍ സജ്ജമാക്കി. 100 ഐ.സി.യു കിടക്കകളുള്ള പ്രത്യേക ബ്ലോക്ക് സ്ഥാപിച്ചു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമാക്കി. മെഡിക്കല്‍ കോളേജില്‍ ആദ്യമായി ലിനാക്, ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റ്, ബേണ്‍സ് ഐ.സി.യു എന്നിവ സ്ഥാപിച്ചു.

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി എസ്.എ.ടി ആശുപത്രിയില്‍ പീഡിയാട്രിക് ഹൃദയ ശസ്ത്രക്രിയ വിഭാഗം, എസ്.എം.എ ക്ലിനിക് എന്നിവ ആരംഭിച്ചു. എസ്.എ.ടി ആശുപത്രിയെ കേന്ദ്രം അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തി. പീഡിയാട്രിക് ഗ്യാസ്ട്രോ വിഭാഗം ആരംഭിച്ചു. എസ്.എം.എ രോഗികള്‍ക്ക് ആദ്യമായി സ്‌പൈന്‍ സര്‍ജറി മെഡിക്കല്‍ കോളേജില്‍ വിജയകരമായി ആരംഭിച്ചു.