ജാഗ്രതയോടെ ജില്ലയിലെ ക്ഷീരസംഘങ്ങള്‍

post

പത്തനംതിട്ട : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന് രാജ്യം മുഴുവന്‍ കരുതല്‍ നടപടി സ്വീകരിക്കുമ്പോള്‍ അവശ്യവസ്തുവെന്ന നിലയില്‍  ആരോഗ്യവകുപ്പ്, ജില്ലാ ഭരണകൂടം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ക്ഷീരവികസ വകുപ്പ്, മില്‍മ എന്നിവയുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് പാലിന്റെ സംഭരണവും വിതരണവും ഉറപ്പുവരുത്തിയിരിക്കുകയാണ് ക്ഷീരസംഘങ്ങള്‍. ജില്ലയിലെ 175 പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങള്‍ ദിവസവും രണ്ടുനേരവും ക്ഷീരകര്‍ഷകരും പാല്‍  ഉപഭോക്താക്കളും ബന്ധപ്പെടുന്ന ക്ഷീരസംഘങ്ങളില്‍ സോപ്പ്, ഹാന്‍ഡ്  വാഷ്, സാനിറ്റൈസര് എന്നിവ ക്രമീകരിച്ചിട്ടുള്ളതും ക്യൂവില്‍ നിശ്ചിത അകലം പാലിച്ചുമാണ് സംഭരണ വിതരണ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.

പൊതുഗതാഗത സംവിധാനത്തെ ആശ്രയിച്ച് എത്തിച്ചേരുന്ന കര്‍ഷകരും കുറഞ്ഞ അളവില്‍ പാല്‍ എത്തിച്ചിരുന്ന കര്‍ഷകരും പിന്മാറി നില്‍ക്കുമ്പോള്‍ പാല്‍ വാങ്ങാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായതായി ക്ഷീരസംഘം ഭാരവാഹികള്‍ അറിയിച്ചു. സംഭരണ വിതരണ സമയങ്ങളില്‍ സംഘത്തില്‍ എത്തുന്ന കര്‍ഷകരെയും ഉപഭോക്താക്കളെയും 'ബ്രേക്ക് ദ് ചെയ്ന്‍' പരിപാടികളിലൂടെ ബോധവല്ക്കരണം നടത്തി സര്‍ക്കാരിനൊപ്പം തന്നെ നില്ക്കുകയാണ് ഈ രംഗത്ത് അര്‍പ്പണമനോഭാവത്തോടെ ജില്ലയില്‍  പ്രവര്‍ത്തിക്കുന്ന നാന്നൂറോളം ജീവനക്കാര്‍.

പ്രതിദിനം ശരാശരി 49000 ലിറ്റര്‍ പാല്‍ സംഭരണം നടത്തുന്ന ക്ഷീരസംഘങ്ങള്‍ 12000 ലിറ്റര്‍ പാല്‍ പ്രാദേശിക വില്പന നടത്തുകയും 37000 ലിറ്റര്‍ പാല്‍ മില്‍മയുടെ  തട്ടയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി പ്ലാന്റിലും നല്കുന്നതായി ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.