അഴീക്കോട് മണ്ഡലതല പട്ടയ അസംബ്ലി നടന്നു

post

മൂന്ന് വര്‍ഷം കൊണ്ട് അഴീക്കോട് പട്ടയരഹിതരില്ലാത്ത മണ്ഡലമാകും

പട്ടയ വിഷയങ്ങള്‍ പരിഹരിക്കാന്‍ കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലതല പട്ടയ അസംബ്ലി നടത്തി. മൂന്ന് വര്‍ഷം കൊണ്ട് അഴിക്കോട് മണ്ഡലത്തിലെ മുഴുവന്‍ ആളുകള്‍ക്കും പട്ടയം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

മണ്ഡലത്തിലെ 24 കോളനികളില്‍ ഉള്‍പ്പെടെ പട്ടയം ലഭിക്കാത്തവരുണ്ട്. ചിലര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഇതേക്കുറിച്ച് അറിയാത്ത നിരവധിപ്പേര്‍ ഇപ്പോഴും ബാക്കിയാണ്. ഇത്തരക്കാരെ കണ്ടെത്തി പട്ടയം ലഭ്യമാക്കാന്‍ ജനപ്രതിധികളും ഉദ്യോഗസ്ഥരും ഒരുമിച്ച് രംഗത്തിറങ്ങും. മൂന്ന് മാസം കൊണ്ട് ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കും. തുടര്‍ന്ന് ചേരുന്ന പട്ടയ അസംബ്ലിയില്‍ ഇക്കാര്യം പരിശോധിച്ച് ലാന്റ് അസൈന്‍മെന്റ് കമ്മിറ്റിയുടെ അനുവാദത്തോടെ പട്ടയം അനുവദിക്കും.

പരിഹരിക്കാന്‍ കഴിയാത്തവ പട്ടയ ഡാഷ്‌ബോര്‍ഡില്‍ ഉള്‍പ്പെടുത്തും. ഇത്തരം വിഷയങ്ങള്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ ജില്ലാ ദൗത്യ സംഘം പരിശോധിച്ച് ആവശ്യമെങ്കില്‍ സംസ്ഥാനതല സമിതിയുടെ പരിഗണനയ്ക്ക് അയക്കും. പട്ടയമില്ലാതെ കടല്‍ പുറമ്പോക്കില്‍ താമസിക്കുന്ന 100 ഓളം പേരുടെ പ്രശ്‌നം പരിഹരിക്കാന്‍ എം.എല്‍.എ സര്‍ക്കാരിലേക്ക് നേരത്തെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. വാര്‍ഡ് മെമ്പര്‍മാര്‍ മുതല്‍ എം.എല്‍.എ വരെയുളള ജനപ്രതിനിധികളുടെ സഹകരണത്തോടെ അര്‍ഹരായ ഭൂരഹിതരെ കണ്ടെത്തി പട്ടയ മിഷനെന്ന ദൗത്യം വിജയിപ്പിക്കുകയാണ് ലക്ഷ്യം. ചടങ്ങില്‍ കെ.വി സുമേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.