ലൈഫ് മിഷന്‍: മൂന്നാം ഘട്ടത്തില്‍ പാലക്കാട് ജില്ലയിൽ 2588 വീടുകള്‍ പൂര്‍ത്തീകരിച്ചു

post

ലൈഫ് മിഷന്‍ അവലോകനയോഗം ചേര്‍ന്നു

പാലക്കാട് ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം 2588 വീടുകള്‍ മൂന്നാം ഘട്ടത്തില്‍ പൂർത്തീകരിച്ചു. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ലൈഫ് മിഷന്‍ അവലോകന യോഗം ചേർന്നു. ഭൂമിയും വീടും ഇല്ലാത്തവര്‍ക്ക് ഭൂമി കണ്ടെത്തി വീട് നിര്‍മ്മിച്ച് കൊടുക്കലാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാംഘട്ടം. ഇനി 510 വീടുകള്‍ പൂര്‍ത്തീകരിക്കാനുണ്ട്.

ജനറല്‍ വിഭാഗത്തില്‍ 1800, എസ്.സി-776, എസ്.ടി-12 എന്നിങ്ങനെ വീടുകളാണ് മൂന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ചത്. ലൈഫ് മിഷന്‍ രണ്ടാംഘട്ടത്തില്‍ 14,435 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 300 വീടുകള്‍ ഇനി പൂര്‍ത്തീകരിക്കാനുണ്ട്. ജനറല്‍ വിഭാഗത്തില്‍ 13,120, എസ്.സി-1207, എസ്.ടി-102, ഫിഷറീസ് നാല് എന്നിങ്ങനെ വീടുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തീകരിച്ചത്.

നിലവില്‍ പൂര്‍ത്തീകരിക്കാത്ത വീടുകളുടെ പ്രവര്‍ത്തനങ്ങള്‍ അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ നേരിട്ട് സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി ഓഗസ്റ്റ് 15 നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. സര്‍ക്കാറുമായി കരാര്‍ വെച്ച് ഏജന്‍സികള്‍ ഏറ്റെടുത്ത ചിറ്റൂരിലെയും കണ്ണാടിയിലെയും ഫ്‌ളാറ്റുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നതായും യോഗത്തില്‍ വിലയിരുത്തി.

മൂന്നാം ഘട്ടത്തിലെ ഭൂരഹിതരുടെയും അഡീഷണല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെയും പേര് വിവരങ്ങളും ജില്ലയിലെ അതിദരിദ്രരുടെ ലിസ്റ്റും നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ ആര്‍.ഡി.ഒ ഡി. അമൃതവല്ലി, നവകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, ലൈഫ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.എസ് ശുഭ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.