പഠനത്തോടൊപ്പം ഇനി ജല പരിശോധനയും; 12 സ്‌കൂളുകളില്‍ ജല ഗുണനിലവാര പരിശോധനാ ലാബ് ഒരുങ്ങി

post

ക്ലാസ് മുറികളിലെ പഠനത്തിനൊപ്പം വിദ്യാര്‍ഥികള്‍ ഇനി ജലപരിശോധനയും നടത്തും. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ കാസർഗോഡ് ജില്ലാ പഞ്ചായത്ത് മുഖേന ജില്ലയിലെ 12 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ജലഗുണനിലവാര പരിശോധന ലാബ് സജ്ജമാക്കിക്കഴിഞ്ഞു.

ജി.എച്ച്.എസ്.എസ് പട്ല, ജി.എച്ച്.എസ്.എസ് ബളാംതോട്, ജി.എച്ച്.എസ്.എസ് ബളാല്‍, ജി.എച്ച്.എസ്.എസ് പിലിക്കോട്, ജി.വി.എച്ച്.എസ്.എസ് കയ്യൂര്‍, ജി.വി.എച്ച്.എസ്.എസ് മടിക്കൈ 2, ജി.എച്ച്.എസ്.എസ് പൈവളികെ, ജി.വി.എച്ച്.എസ്,എസ് മൊഗ്രാല്‍, ജി.എച്ച്.എസ്.എസ് ബങ്കര, ജി.വി.എച്ച്.എസ്.എസ് മുള്ളേരിയ, ജി.എച്ച്.എസ്.എസ് കുണ്ടംകുഴി, ജി.എച്ച്.എസ്.എസ് ഉദുമ എന്നീ സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കിയത്. പരിശോധിക്കാനുള്ള ഉപകരണങ്ങളും അനുബന്ധ സംവിധാനങ്ങളും ഒരുക്കികഴിഞ്ഞു.

ഓരോ പ്രദേശത്തെയും കിണറുകളിലെയും ജലാശയങ്ങളിലെയും ജലം വിദ്യാര്‍ഥികള്‍ ശേഖരിക്കും. ശേഖരിച്ച വെള്ളത്തിന്റെ സാമ്പിള്‍ സ്‌കൂളില്‍ സജ്ജമാക്കിയിട്ടുള്ള ലാബില്‍ പരിശോധിക്കും. രസതന്ത്ര വിഭാഗം അധ്യാപകന്റെയും പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ നടത്തുന്ന ശാസ്ത്രീയ പരിശോധനക്കുശേഷം പരിശോധന ഫലവും ഗുണനിലവാരവും ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കും.

നേരത്തെ ജില്ലയിലെ വിവിധ കിണറുകളില്‍ നിന്നും ജലാശയങ്ങളില്‍ നിന്നും ശേഖരിച്ച ജല സാമ്പിളുകളുടെ ഗുണനിലവാരം പരിശോധിച്ചതില്‍ ഭൂരിഭാഗം സാമ്പിളുകളിലും മാലിന്യമുള്ളതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുത്ത 12 സ്‌കൂളുകളില്‍ ജല ഗുണനിലവാര പരിശോധനാ ലാബ് ആരംഭിക്കാന്‍ തീരുമാനിച്ചത്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ കിണര്‍ ജലാശയങ്ങളിലെ ജല സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പരിശോധിച്ച സാമ്പിളുകളില്‍ 90 ശതമാനത്തിന് മുകളില്‍ മലിനമായവ മൂന്നെണ്ണവും 80-90 ശതമാനത്തിനിടയില്‍ മൂന്നെണ്ണവും 60-80 ശതമാനത്തിനിടയില്‍ 12 എണ്ണവും 50 ശതമാനത്തിന് മുകളില്‍ ഏഴെണ്ണവും മലിനമാണെന്ന് കണ്ടെത്തിയിരുന്നു.

ഇ കോളി ബാക്ടീരിയയുടെ യഥാര്‍ഥ സ്ഥിതി തിരിച്ചറിയുന്നതിനാണ് ഹരിതകേരളം മിഷന്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സ്‌കൂളുകളില്‍ ജലഗുണനിലവാര പരിശോധന ലാബ് ഒരുക്കാന്‍ തീരുമാനിച്ചത്. ജില്ലയില്‍ ജില്ലാ പഞ്ചായത്ത് ആണ് പദ്ധതി നടത്തിപ്പിന് നേതൃത്വം നല്‍കിയത്. കെ.ഐ.ഐ.ഡി.സി (കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍) ആണ് നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിച്ചത്.