പാലക്കാട്-പൊള്ളാച്ചി സംസ്ഥാനപാത 52, പാറ-അങ്ങാടി റോഡ് തുറന്നു കൊടുത്തു

post

മലമ്പുഴ നിയോജകമണ്ഡലത്തില്‍ ബി.എം ആന്‍ഡ് ബി.സി രീതിയില്‍ നവീകരിച്ച പാലക്കാട്-പൊള്ളാച്ചി സംസ്ഥാനപാത 52, പാറ അങ്ങാടി റോഡ് നവീകരണ പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണ ഉദ്ഘാടനം പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിർവഹിച്ചു. നാടിന്റെ പൊതുവികസനത്തിന് വേഗം പകരാന്‍ റോഡ് നവീകരണം സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. ഫെബ്രുവരിയില്‍ ആരംഭിച്ച റോഡിന്റെ പ്രവര്‍ത്തനം സമയബന്ധിതമായി വേഗത്തില്‍ പൂര്‍ത്തീകരിക്കാനായി. അന്തര്‍ സംസ്ഥാനപാത എന്ന നിലയില്‍ പ്രാധാന്യമര്‍ഹിക്കുന്ന റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ സര്‍ക്കാര്‍ ഉറപ്പാക്കും.

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പരമാവധി റോഡുകള്‍ ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലേക്ക് മാറ്റുന്നതിനുള്ള ശ്രമം നടന്നുവരികയാണ്. മലമ്പുഴ മണ്ഡലത്തിന് പ്രാധാന്യം നല്‍കി പൊതുമരാമത്ത്, ടൂറിസം വകുപ്പുകള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണ നല്‍കുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് റോഡുകളുടെ സുതാര്യത ഉറപ്പാക്കാന്‍ പരിപാലന കാലാവധി പരിചയപ്പെടുത്തുന്ന പച്ച ബോര്‍ഡുകളും റണ്ണിങ് കോണ്‍ട്രാക്ട് സംവിധാനങ്ങള്‍ ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയതിന്റെ ഭാഗമായി നീല ബോര്‍ഡുകളും സ്ഥാപിച്ചതായും മന്ത്രി പറഞ്ഞു. നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 12 കിലോമീറ്റര്‍ നീളമുള്ള റോഡ് 5.25 കോടി ചെലവിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.