കുണ്ടുകടവ് പാലം നിർമാണം പുരോഗമിക്കുന്നു

post

മാറഞ്ചേരി ഭാഗത്തെ പൈലിങ് പ്രവൃത്തി തിങ്കളാഴ്ചയോടെ ആരംഭിക്കും

മലപ്പുറം ജില്ലയിലെ പൊന്നാനിയെയും മാറഞ്ചേരി പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിച്ച് കുണ്ടുകടവിൽ നിർമിക്കുന്ന പുതിയ പാലത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നിലവിൽ പാലത്തിന്റെ വടക്ക് പൊന്നാനി ഭാഗത്തെ പൈലിങ് പ്രവൃത്തികൾ പൂർത്തിയായി. ഇതോടൊപ്പം ഈ വശത്തെ പാലത്തിന്റെ ഗാർഡർ ജോലികളും അപ്രോച്ച് റോഡിന്റെ നിർമാണ പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്.

അതേസമയം മാറഞ്ചേരി ഭാഗത്തെ പാലത്തിന്റെ പൈലിങ് പ്രവൃത്തികൾ തിങ്കളാഴ്ചയോടെ ആരംഭിക്കും. നിലവിലെ പാലത്തിന്റെ കിഴക്ക് ഭാഗത്തായി 227 മീറ്റർ നീളത്തിലാണ് പുതിയ പാലം നിർമ്മിക്കുന്നത്. 29.3 കോടി രൂപ ചിലവഴിച്ചാണ് പാലം നിർമാണം. നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയുണ്ടാകും. 7.5 മീറ്റർ ഗതാഗതത്തിനും 1.5 മീറ്റർ വീതം വീതിയിലുള്ള നടപ്പാതകൾ ഇരു ഭാഗത്തും നിർമിക്കും. നിലവിലെ പാലത്തിന് സമാന്തരമായി നിർമിക്കുന്ന പാലത്തിന്റെ ഇരുവശത്തേക്കും അപ്രോച്ച് റോഡുകൾ നിർമിക്കും. 210 മീറ്ററാണ് ഇരുവശത്തേക്കുമായി അപ്രോച്ച് റോഡിന്റെ നീളം. ഊരാലുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണച്ചുമതല.