അടുത്തവർഷം മാർച്ചോടു കൂടി കോട്ടയത്തെ തെരുവുനായ മുക്തമാക്കാൻ നടപടി

post

കോട്ടയം ജില്ലയിൽ തെരുവുനായ നിയന്ത്രണം ലക്ഷ്യമിട്ടുള്ള എ.ബി.സി. കേന്ദ്രങ്ങളുടെ വിപുലീകരണ പദ്ധതികൾക്ക് രൂപം നൽകാനായി നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം സംഘടിപ്പിച്ചു. അടുത്തവർഷം മാർച്ചോടു കൂടി കോട്ടയം ജില്ലയെ തെരുവുനായഭീഷണിയിൽ നിന്നു മുക്തമാക്കുകയാണ് ലക്ഷ്യമെന്നു ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി പറഞ്ഞു. ജില്ലയിലെ തെരുവുനായ്ക്കളെ പൂർണമായും വാക്‌സിനേഷൻ നടത്തി, വന്ധ്യംകരിച്ച്, മനുഷ്യരോട് ഇണങ്ങി ജീവിക്കുന്ന തരത്തിൽ പരിശീലനം നൽകി തെരുവുനായമുക്തമായ ജില്ലയാക്കി മാറ്റാനാണ് ശ്രമം.

നിലവിലെ എ.ബി.സി. (ആനിമൽ ബർത്ത് കൺട്രോൾ സെന്റർ) കേന്ദ്രത്തിൽ ഷിഫ്റ്റുകളുടെ എണ്ണം കൂട്ടിയും എ.ബി.സി. സെന്ററുകൾ വിപുലീകരിച്ചും പ്രതിദിനം 250 ശസ്ത്രക്രിയകൾ നടത്താനാണ് ലക്ഷ്യമിടുന്നത്. സ്‌കൂൾ, കോളജ് വിദ്യാർഥികളടങ്ങുന്ന വോളന്റിയർമാരുടെ ഗ്രൂപ്പ് സൃഷ്ടിച്ച് അവർക്കു പരിശീലനം നൽകി തെരുവുനായകളോടുള്ള മനോഭാവം മാറ്റുന്നതിനെക്കുറിച്ച് ബോധവൽക്കരണം നടത്തും. തെരുവുനായ്ക്കളെ ശത്രുതമനോഭാവത്തോടെയല്ല കാണേണ്ടതെന്നും അവയെ സമൂഹവുമായി ഇണങ്ങിജീവിക്കുന്ന തരത്തിൽ പരിശീലിപ്പിച്ച് എടുക്കുകയാണു വേണ്ടതെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ജൂലൈ 31ന് മുമ്പ് എല്ലാ തദ്ദേശസ്ഥാപനങ്ങളും തെരുവുനായ നിയന്ത്രണത്തിനുള്ള പദ്ധതികൾ പദ്ധതി പുനരവലോകനത്തിൽ സമർപ്പിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. എല്ലാ ഗ്രാമപഞ്ചായത്തുകളിലും തെരുവുനായകളെ സൂക്ഷിക്കുന്നതിനുള്ള കൂടുകൾ ഒരുക്കണമെന്നും നിർദേശിച്ചു. ആറുമാസത്തിനുള്ളിൽ എ.ബി.സി. കേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയാക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു. എല്ലാ ബ്‌ളോക്കിലും ഒരേസമയം എ.ബി.സി. സെന്റർ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയാലേ ഉദ്ദേശിച്ച രീതിയിൽ തെരുവുനായ നിയന്ത്രണം ലക്ഷ്യമിട്ടുള്ള പദ്ധതികൾ പൂർത്തീകരിക്കാനാവൂവെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും അല്ലെങ്കിൽ ബ്ലോക്കുകൾ സംയുക്തമായോ നഗരസഭകളുമായി യോജിച്ചോ എ.ബി.സി. സെന്ററുകൾ വിപുലപ്പെടുത്തണമെന്നാണ് ജില്ലാ ആസൂത്രണസമിതി നിർദേശിച്ചിരിക്കുന്നത്. മൂന്നുതരത്തിലുള്ള എ.ബി.സി. പദ്ധതികളിൽ ഒന്നു തെരഞ്ഞെടുത്തു നടപ്പാക്കാനാണ് ബ്ലോക്ക് പഞ്ചായത്തുകളോടു നിർദേശിച്ചിട്ടുള്ളത്. മെഗാ എ.ബി.സി. സെന്റർ, മിനി എ.ബി.സി. സെന്റർ, മൊബൈൽ പോസ്റ്റ് ഓപ്പറേറ്റീവ് കേജസ് എന്നിവയിലേതെങ്കിലും ബ്ലോക്കുകളിൽ നടപ്പാക്കണം.

മിനി എ.ബി.സി. സെന്ററിനായി 30 സെന്റ് സ്ഥലം വേണം. ഒരുദിവസം 5-8 നായ്ക്കളെ വന്ധ്യംകരിക്കാനാവും. ഇത് പ്രീ-ഫാബ്രിക്കേഷൻ രീതിയിൽ നടപ്പാക്കുന്നതിന് 50 ലക്ഷം രൂപയാണ് ചെലവുപ്രതീക്ഷിക്കുന്നത്. മെഗാ എ.ബി.സി. സെന്ററിൽ ഒരുദിവസം 40 നായ്ക്കളെ വന്ധ്യംകരിക്കാനാകും. സെന്റർ സ്ഥാപിക്കുന്നതിന് ഒരേക്കർസ്ഥലം വേണ്ടിവരും. 1.2 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു. വന്ധ്യംകരണത്തിനുശേഷം നായ്ക്കളെ പരിപാലിക്കുന്നതിനുള്ള പോസ്റ്റ് ഓപ്പറേറ്റീവ് കൂടുകൾ വാഹനവുമായി ഘടിപ്പിക്കാൻ സാധിക്കുന്നതും അല്ലാത്തവയും ഉണ്ട്. ഇതിന് വാഹനം അടക്കം 35 ലക്ഷം രൂപയും വാഹനമില്ലാതെ 18 ലക്ഷം രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.


അരുമയോടെ ആര്യൻ

തെരുവുനായകൾക്ക് പരിശീലനം നൽകി ഇണക്കി അരുമയാക്കി മാറ്റമെന്നതിനു തെളിവായി 'ആര്യൻ'. തെരുവുനായ നിയന്ത്രണം ലക്ഷ്യമിട്ടുള്ള എ.ബി.സി. സെന്റർ വിപുലീകരണ പദ്ധതികൾക്ക് രൂപം കൊടുക്കുന്നതിനായി നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ യോഗത്തിൽ പരിശീലനം നേടിയ ആര്യൻ എന്നു പേരിട്ട തെരുവുനായയെ പരിചയപ്പെടുത്തി. 'നെയ്മർ', 'പുഴു' തുടങ്ങിയ സിനിമകളിലടക്കം മൃഗപരിശീലനകനായ വൈക്കം സ്വദേശി ഉണ്ണിയാണ് ആര്യനെ തെരുവിൽ നിന്നു കണ്ടെത്തി പരിശീലിപ്പിച്ചത്. യോഗത്തിനെത്തിയ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷർ അടക്കമുള്ളവർ പേരു ചൊല്ലി വിളിച്ചപ്പോൾ 'ആര്യൻ' അവർക്കരുകിൽ അനുസരണയോടെ വന്നുനിന്നു. യോഗപ്രതിനിധികൾക്കു മുന്നിൽ കൈകൂപ്പിയും കസേരയിൽ കയറിയിരുന്നതും പറയുന്ന കാര്യങ്ങൾ അനുസരിക്കുന്നതും കൗതുകകാഴ്ചയായി.