ഇതര സംസ്ഥാന തൊഴിലാളി ക്ഷേമ പദ്ധതികള്‍ ദേശീയശ്രദ്ധ നേടി; മന്ത്രി ടി പി രാമകൃഷ്ണന്‍

post

നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച ക്ഷേമ പദ്ധതികള്‍ രാജ്യത്തിന്റെയാകെ ശ്രദ്ധ നേടിയിരിക്കുകയാണെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്ത് തൊഴിലെടുക്കുന്ന 'അതിഥി' തൊഴിലാളികള്‍ക്കുള്ള സൗജന്യ സഹായകേന്ദ്രമായ 'ശ്രമിക് ബന്ധു' കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തും എറണാകുളത്തും സഹായകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ജില്ലയിലും സഹായകേന്ദ്രം ആരംഭിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡില്‍ സമോറിന്‍സ് സ്‌ക്വറിലാണ് സഹായകേന്ദ്രം ആരംഭിച്ചത്. രാവിലെ എട്ട് മണി മുതല്‍ രാത്രി ഏഴ് വരെയാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. സര്‍ക്കാര്‍ ഇവരെ അതിഥികളായി പരിഗണിക്കുക മാത്രമല്ല, സംസ്ഥാനത്തെ തൊഴില്‍ മേഖലയില്‍ നിലവിലുളള എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുകയും ചെയ്തു.

അതിഥി തൊഴിലാളികള്‍ക്കായി ആവിഷ്‌കരിച്ച ആവാസ് സൗജന്യ ഇന്‍ഷൂറന്‍സ് പദ്ധതി രാജ്യാന്തര തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ആവാസ് പദ്ധതി പ്രകാരമുള്ള ആനുകൂല്യം സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയാണെന്നും മന്ത്രി അറിയിച്ചു. രജിസ്റ്റര്‍ ചെയ്ത തൊഴിലാളിക്ക് 15,000 രൂപയുടെ സൗജന്യ ചികിത്സയാണ് ലഭിക്കുന്നത്. ഇത് 25,000 രൂപയായാണ് വര്‍ധിപ്പിച്ചത്. അപകടത്തെ തുടര്‍ന്നുണ്ടാകുന്ന അംഗവൈകല്യത്തിന് ഒരു ലക്ഷം വരെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. അപകട മരണത്തിന് ആവാസ് പദ്ധതിയില്‍ രണ്ടു ലക്ഷത്തിന്റെ പരിരക്ഷ നിലവിലുണ്ട്.

ചികിത്സാ പരിധിയില്‍ പ്രസവ സംബന്ധമായ ചികിത്സ കൂടി ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇരിപ്പിടം അവകാശമാക്കിയതുള്‍പ്പെടെ സ്ത്രീ സൗഹൃദ തൊഴിലിടങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാറെടുത്ത നടപടികളുടെ തുടര്‍ച്ചയാണിത്. സംസ്ഥാനത്തെ അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക അനധ്യാപക ജീവനക്കാര്‍ക്കും മെറ്റേണിറ്റി ബെനഫിറ്റ് ബാധകമാക്കാന്‍ തീരുമാനിച്ചത് സംബന്ധിച്ച് ഉടന്‍ വിജ്ഞാപനം പുറപ്പെടുവിക്കും.

രാജ്യത്തൊരിടത്തുമില്ലാത്ത പരിരക്ഷയും വേതനവും സാമൂഹ്യസുരക്ഷയുമാണ് സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. വിശ്വാസത്തിന്റെയും ഭാഷയുടെയും പ്രാദേശിക വാദത്തിന്റെയും പേരില്‍ പല സംസ്ഥാനങ്ങളിലും ഇത്തരം തൊഴിലാളികളെ ആട്ടിയോടിക്കപ്പെടുന്ന സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ മാതൃകാപരമായ നടപടികളെന്നും മന്ത്രി പറഞ്ഞു. അതേസമയം ഒറ്റപ്പെട്ട ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും ലഹരി ഉപയോഗവും ഇവര്‍ക്കിടയില്‍ ഉണ്ടെന്നത് സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. ഇവര്‍ക്കിടയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി വരികയാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.  

സംസ്ഥാന ലേബര്‍ കമ്മീഷണര്‍ സി വി സാജന്‍ അധ്യക്ഷത വഹിച്ചു. ആവാസ് ഇന്‍ഷൂറന്‍സ് പദ്ധതിയുടെ വര്‍ധിപ്പിച്ച ആനുകൂല്യങ്ങളുടെ പ്രഖ്യാപനവും മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്  എം ധര്‍മ്മജന്‍, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് എം രാജന്‍, എഐടിയുസി ജില്ലാ സെക്രട്ടറി പി കെ നാസര്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി എ ശശീന്ദ്രന്‍, എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് യു പോക്കര്‍, ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സുഹൈല്‍, വ്യപാര വ്യവസായമിതി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എ കെ മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു. അഡി. ലേബര്‍ കമിഷണര്‍ കെ ശ്രീലാല്‍ സ്വാഗതവും കോഴിക്കോട് റീജിണല്‍ ജോയിന്റ് ലേബര്‍ കമിഷണര്‍ കെ എം സുനില്‍ നന്ദിയും പറഞ്ഞു. ജില്ലയില്‍ തൊഴിലെടുക്കുന്ന എണ്ണൂറോളം ഇതരസംസ്ഥാനക്കാര്‍ പരിപാടിയില്‍ പങ്കെടുത്തു. 

'ശ്രമിക് ബന്ധു' സഹായകേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍:

1    സംസ്ഥാനത്ത് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നിയമപരമായ അവകാശങ്ങളെ കുറിച്ച് അറിവ് നല്‍കുക.

2    സംസ്ഥാന സര്‍ക്കാറിന്റെ വിവിധ ആനുകൂല്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക.

3     ഇതര സംസ്ഥാന തൊഴിലാളികളുടെ ദൈനംദിന, തൊഴില്‍പരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുക.

4    ഇതര സംസ്ഥാന തൊഴിലാളികളുടെ ജോലി, ബാങ്കിങ്, ആരാഗ്യം, യാത്ര സംബന്ധമായ എല്ലാ ആവശ്യങ്ങള്‍ക്കും മാര്‍ഗ നിര്‍ദ്ദേശം നല്‍കുക.

5    ജോലിക്കിടെ അപകടത്തില്‍പ്പെട്ട് മരണപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്നും ആവശ്യമായ                      ധനസഹായം ലഭ്യമാക്കാന്‍ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുക.

6    ആവാസ് പദ്ധതി പ്രകാരമുള്ള ബയോമെട്രിക് കാര്‍ഡ് നല്‍കുന്നതിനുള്ള സ്ഥിരം സെന്റര്‍ ആയി പ്രവര്‍ത്തിക്കുക.

7    ആവാസ് പദ്ധതിയിലൂടെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുക.