കുരുന്നുകൾക്ക് വായനയുടെ അവസരം ഒരുക്കി ഇരിങ്ങാലക്കുട ഗവണ്മെന്റ് ഗേൾസ് സ്കൂൾ
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഇരിങ്ങാലക്കുട എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 50,000 രൂപ ചെലവഴിച്ചാണ് പുസ്തകങ്ങൾ കൈമാറിയത്.
ആധുനിക സൗകര്യങ്ങളോടുകൂടിയ ലൈബ്രറി കെട്ടിടം എന്ന ആവശ്യത്തിന് പരിഹാരം കാണുമെന്നും വായനയുടെ ലോകത്ത് തന്റെതായ ഇടം സൃഷ്ടിക്കാൻ എല്ലാവർക്കും കഴിയണമെന്നും മന്ത്രി പറഞ്ഞു. നിർമ്മിതിയുടെ സഹായത്തോടുകൂടി സ്കൂളിൽ 48 ലക്ഷം രൂപയുടെ പൈതൃക മതിൽ നിർമ്മിച്ചു നൽകുമെന്നും മന്ത്രി അറിയിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.ജിഷ ജോബി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു പി ജോൺ, പിടിഎ പ്രസിഡന്റ് റാൽഫി വി വി, വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പാൾ ധന്യ കെ ആർ, ഹെഡ്‌മിസ്ട്രസ് ഉഷ പി ആർ തുടങ്ങിയവർ പങ്കെടുത്തു.