നിയമസഭാ സമ്മേളനം ഓഗസ്റ്റ് 7 മുതൽ; പ്രധാന ബില്ലുകൾ പരിഗണനയ്ക്ക്
നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് നവംബർ 1 മുതൽ
പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ഓഗസ്റ്റ് 7 മുതൽ 24 വരെ നടക്കും. 12 ദിവസം ചേരുന്ന സഭയിൽ ഒട്ടേറെ സുപ്രധാന ബില്ലുകൾ പരിഗണനയ്ക്ക് വരുമെന്ന് സ്പീക്കർ എ.എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആദ്യ ദിവസം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയശേഷം സഭ പിരിയും. ഓഗസ്റ്റ് 11, 18 തീയതികൾ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കായിട്ടാണ് വിനിയോഗിക്കുക. 2023-24 സാമ്പത്തിക വർഷത്തെ ബജറ്റിലെ ഉപധനാഭ്യർഥനകളുടെ പരിഗണന ഓഗസ്റ്റ് 21 നാണ്. നിയമനിർമാണത്തിനായി മാറ്റിവയ്ക്കപ്പെട്ട സമയങ്ങളിൽ സഭ പരിഗണിക്കേണ്ട ബില്ലുകൾ ഏതൊക്കെയാണെന്നതു സംബന്ധിച്ച് ഏഴിന് ചേരുന്ന കാര്യോപദേശക സമിതി ശിപാർശ ചെയ്യും.
ഓർഡിനൻസിനു പകരമുള്ള Kerala Healthcare Service Persons and Healthcare Institutions (Prevention of violence and Damage to Property) Amendment Bill, 2023, Kerala Taxation (Amendment) Bill, 2023 ബില്ലുകൾ എന്നിവ പരിഗണനക്ക് വരും. സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കുശേഷം വരുന്ന ബില്ലുകളിൽ Kerala Co-operative Societies (Third Amendment) Bill, 2022 ഉൾപ്പെടുന്നു. പരിഗണിക്കാനിടയുള്ള മറ്റ് പ്രധാനപ്പെട്ട ബില്ലുകളിൽ Kerala Co-operative Societies (Amendment) Bill, 2021, Kerala Public Service Commission (Additional functions as respects certain Corporations and Companies) Amendment Bill, 2023, Abkari (Amendment) Bill, 2023, Kerala Medical Education (Regulation and control of Admission to Private medical Educational Institutions) Amendment Bill, 2023, The Code of Criminal Procedure (Kerala Amendment) Bill, 2023 എന്നിവയുണ്ട്. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് നവംബർ 1 മുതൽ 7 വരെ നിയമസഭാ അങ്കണത്തിൽ നടക്കുമെന്നും സ്പീക്കർ അറിയിച്ചു.
രണ്ടാമത് എഡിഷൻ കൂടുതൽ മികവോടെ സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. പുസ്തക പ്രകാശനങ്ങൾ, സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, വിഷൻ ടോക്ക് തുടങ്ങിയവ ഉണ്ടാകും. ഇത്തവണ കൂടുതൽ അന്താരാഷ്ട്ര പ്രസാധകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സാഹിത്യ, സാമൂഹിക, കലാ-സാംസ്‌കാരിക രംഗങ്ങളിൽ ലോകപ്രശസ്തരായ വ്യക്തിത്വങ്ങളെ പങ്കെടുപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. കല-സാഹിത്യ-സാംസ്‌കാരിക മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്‌കാരം, പുസ്തകോത്സവം മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾക്ക് അവാർഡുകൾ എന്നിവയുമുണ്ട്.