ക്യൂ നില്‍ക്കാന്‍ മാര്‍ക്കിങ്

post

ആലപ്പുുഴ: ആലപ്പുഴ പുലയന്‍ വഴി മാര്‍ക്കറ്റിലെ തിരക്ക് നിയന്ത്രിക്കാനും ജനങ്ങളെ ഒരുമീറ്റര്‍ അകലത്തില്‍ നിര്‍ത്തുന്നതിനുമായി ചോക്ക് കൊണ്ട് മാര്‍ക്കിങ് സംവിധാനം . കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സമൂഹ അകലം പാലിക്കുന്നതിന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇത് മാര്‍ക്കറ്റില്‍ പാലിക്കപ്പെടുന്നില്ല എന്ന് കണ്ടതിനെത്തുടര്‍ന്ന് നഗരസഭയാണ് ക്യൂ നില്‍ക്കുന്നതിന് പ്രത്യേക ഇടങ്ങള്‍ മാര്‍ക്ക് ചെയ്ത് നല്‍കിയത്. ഈ വളയങ്ങളില്‍ മാത്രമേ നില്‍ക്കാവൂ. മാര്‍ക്കറ്റിലേക്ക് അഞ്ചുപേരെ മാത്രം ഒരു സമയം പ്രവേശിപ്പിക്കും. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കിയ ശേഷം അഞ്ചുപേര്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ അവര്‍ ഇറങ്ങുമ്പോള്‍ മാത്രം അടുത്ത അഞ്ചുപേരെ കയറ്റാനും നിര്‍ദ്ദേശം നല്‍കി. മാര്‍ക്കറ്റിലും പൊതു ഇടങ്ങളിലും പരസ്പരം അകലം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യവിഭാഗം ജീവനക്കാരും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാവിലെ ആര്‍.ഡി.ഓ, അമ്പലപ്പുുഴ തഹസില്‍ദാര്‍, നഗരസഭാ പ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് കര്‍ശന നിര്‍ദ്ദേശവുമായെത്തിയത്. ജില്ലയിലെ ചില ആശുപത്രികളിലും ഇത്തരം ക്യൂ സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാധനങ്ങള്‍ റോഡിലേക്ക് ഇറക്കരുതെന്നും കടകള്‍ക്കുള്ളില്‍ തന്നെ വച്ച് കച്ചവടം ചെയ്യണമെന്നും നിര്‍ദ്ദേശം നല്‍കി.